പാലാ: പാലാ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ.മാണി. ഇന്ന് വൈകീട്ടോടെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ കേരളാ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനമുണ്ടാകും. അതിനുശേഷം, യുഡിഎഫിനെ ഇക്കാര്യം അറിയിക്കും. ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി രാത്രിയോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു.

സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമുണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു. “കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നമുണ്ടാകും. സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്യും. ഏറ്റവും ഉചിതമായ തീരുമാനമായിരിക്കും പാര്‍ട്ടി സ്വീകരിക്കുക” ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ‘ഇന്നെനിക്ക് കണ്ണെഴുതാന്‍’; ഉള്‍ക്കണ്ണുകൊണ്ട് അവള്‍ പാടി, വീഡിയോ

അതേസമയം, സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല എന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നും പി.ജെ.ജോസഫ് പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ജോസഫിനെ തള്ളി ജോസ് കെ.മാണി രംഗത്തെത്തിയത്. ചര്‍ച്ചകള്‍ പുരോഗമിച്ചിട്ടില്ല. സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ ഇനിയും സമയം വേണം. അതിനാല്‍ ഇന്ന് പ്രഖ്യാപനമുണ്ടാകില്ല. ചൊവ്വാഴ്ചയോടെ മാത്രമേ പ്രഖ്യാപനം നടക്കൂ എന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞിട്ടുണ്ട് പി.ജെ.ജോസഫ് പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കളും വ്യത്യസ്ത നിലപാടിലാണ് നില്‍ക്കുന്നത്. അനുനയ ചര്‍ച്ചകളിലാണ് ഇനി യുഡിഎഫ് പ്രതീക്ഷയര്‍പ്പിക്കുന്നത്. ജോസ് കെ.മാണിയും പിജെ.ജോസഫും തമ്മില്‍ ചര്‍ച്ചകളൊന്നും നടക്കാന്‍ സാധ്യതയില്ല. അതേസമയം, യുഡിഎഫ് നേതാക്കള്‍ ജോസ് കെ.മാണിയെയും പി.ജെ.ജോസഫിനെയും പ്രത്യേകം കണ്ട് ചര്‍ച്ച നടത്തും. നേതാക്കളുടെ ഇടപെടലിലൂടെ സമവായത്തിലെത്തുമെന്നാണ് യുഡിഎഫും പ്രതീക്ഷിക്കുന്നത്.

Read Also: നിഷ ദയനീയ പരാജയമായിരിക്കും: പി.സി.ജോര്‍ജ്

നിഷ ജോസ് കെ.മാണിയുടെ പേര് തന്നെയാണ് സ്ഥാനാര്‍ഥിയായി ഉയര്‍ന്നുകേള്‍ക്കുന്നത്. ഇത് അംഗീകരിക്കാന്‍ പി.ജെ.ജോസഫ് വിഭാഗം തയ്യാറല്ല. നിഷയെ സ്ഥാനാര്‍ഥിയായി ജോസ് കെ.മാണി പ്രഖ്യാപിച്ചാല്‍ അത് പി.ജെ.ജോസഫിനെ ചൊടിപ്പിക്കും. ഏകപക്ഷീയമായ തീരുമാനം ആരെടുത്താലും കേരളാ കോണ്‍ഗ്രസില്‍ ഭിന്നിപ്പുണ്ടാകും. അതിനാല്‍ തന്നെ യുഡിഎഫ് മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.