കോട്ടയം: ജോസ് കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ജോസ്.കെ.മാണി. സമവായത്തിന് തയ്യാറല്ല എന്നാണ് ഇതിന്റെ അര്‍ഥം. പിന്നെന്ത് സമവായമാണ് കോണ്‍ഗ്രസും യുഡിഎഫും തമ്മിലുള്ള ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പി.ജെ.ജോസഫ് ചോദിച്ചു. ജോസ്.കെ.മാണിയുടെ ചെയര്‍മാന്‍ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിനു ശേഷം ചെയര്‍മാന്‍ സ്ഥാനം വെന്റിലേറ്ററിലായെന്നും പി.ജെ.ജോസഫ് പരിഹസിച്ചു.
ജോസഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജോസ് കെ.മാണിയും രംഗത്തെത്തി. ജോസഫിന്റെ രാഷ്ട്രീയ ജീവിതം പലപ്പോഴും വെന്റിലേറ്ററിലായിരുന്നെന്നും അതുകൊണ്ടാകും ഇത്തരം പ്രതികരണങ്ങളെന്നും ജോസ് കെ.മാണി പറഞ്ഞു. ചെയര്‍മാന്‍ സ്ഥാനം വിട്ടുനല്‍കില്ലെന്ന വാശിയിലാണ് ജോസ് കെ.മാണി.
Read Also: ‘രണ്ടില ആര്‍ക്ക്?’; തര്‍ക്കം രൂക്ഷം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെ എന്ന് ജോസ് കെ.മാണി
അതേസമയം, ജോസ് കെ.മാണിയുമായി നാളെ തിരുവനന്തപുരത്ത് വച്ച് യുഡിഎഫ് ചര്‍ച്ച നടത്തും. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ജോസ് കെ.മാണിയുമായി ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമായിരിക്കെ യുഡിഎഫ് ഇടപെടല്‍ കൊണ്ട് എന്ത് ഫലമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
പാല ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്ന പി.ജെ.ജോസഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോസ് കെ.മാണി നേരത്തെ രംഗത്തെത്തിയിരുന്നു. ചിഹ്നം ആര്‍ക്ക് നല്‍കണമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം നല്‍കേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.
Read Also: കേരള കോൺഗ്രസ് പിന്നെയും പിളർന്നു; ജോസ് കെ.മാണി പുതിയ ചെയർമാൻ
കേരള കോണ്‍ഗ്രസിലെ നിലവിലെ സംഭവവികാസങ്ങളില്‍ പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് ഇതുവരെ ചര്‍ച്ചയ്ക്കി വിളിച്ചിട്ടില്ല. ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ സമവായത്തിന് തയ്യാറാണ്. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞെന്നും ജോസ് കെ.മാണി വ്യക്തമാക്കി.