കോട്ടയം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലേക്ക് തന്നെയെന്ന് സൂചന. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ജോസ് കെ.മാണി വിഭാഗത്തെ തള്ളാതെ പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെ എൽഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന തീരുമാനം ജോസ് കെ.മാണി വിഭാഗത്തിനുണ്ട്.
കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്നു കോട്ടയത്ത് ചേരുന്നുണ്ട്. ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്. ഇടതുമുന്നണി പ്രവേശത്തിന്റെ ഭാഗമായാണ് രാജ്യസഭാംഗത്വം രാജിവയ്‌ക്കുന്ന കാര്യം ആലോചിക്കുന്നത്.
ഇന്നു ചേരുന്ന യോഗത്തിൽ ഇടതുമുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ജോസഫ് പക്ഷത്തെ എംഎൽഎമാർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കുന്ന കാര്യവും ആലോചിക്കും. ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവ അടുത്തിരിക്കെ ഉടൻ തന്നെ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാനാണ് ജോസ് കെ.മാണി വിഭാഗം ആലോചിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ.മാണിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also: വീണ്ടും സമ്പൂർണ അടച്ചുപൂട്ടലോ? മറുപടി നൽകി മുഖ്യമന്ത്രി
എന്നാൽ, ജോസ് കെ.മാണിയുമായി ചർച്ച നടത്തി പ്രശ്‌നം പരിഹരിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണിക്കാണ്. അതുകൊണ്ട് തന്നെ ജോസിനെ പിണക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. പി.ജെ.ജോസഫ് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതാണ് യുഡിഎഫിനെ കുഴപ്പിക്കുന്നത്. ജോസ് കെ.മാണിയുമായി ഒരു തരത്തിലും സഹകരിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ് ജോസഫ് വിഭാഗം വ്യക്തമാക്കുന്നത്.
ജോസ് കെ.മാണി വിഭാഗം നിലപാട് വ്യക്തമാക്കട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു. രണ്ടില ചിഹ്നവും പാർട്ടി പേരും ലഭിച്ചതോടെ ജോസ് കെ.മാണി വിഭാഗം കൂടുതൽ ശക്തരായെന്നും മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണി വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കാമെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. ജോസ് കെ.മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും പറഞ്ഞിരുന്നു.
അതേസമയം, ജോസ് കെ.മാണിക്കെതിരെ പരസ്യ യുദ്ധവുമായി ജോസഫ് പക്ഷം നിൽക്കുന്നു. കേരള കോൺഗ്രസ് (എം) വർക്കിങ് ചെയർമാൻ താൻ തന്നെയാണെന്ന് പി.ജെ.ജോസഫ് പറഞ്ഞിരുന്നു. രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ റിട്ട് നൽകുമെന്ന് വിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് വിശ്വാസമെന്നും ജോസഫ് പറഞ്ഞു. ജോസ് കെ.മാണിയുമായി ഒരിക്കലും ചേർന്നുപോകാൻ സാധിക്കില്ലെന്നും ജോസഫ് വ്യക്തമാക്കി. “നിരന്തരമായി വാഗ്‌ദാനങ്ങൾ ലംഘിക്കുന്ന, കരാറുകൾ പാലിക്കാത്ത ഒരാളുമായി സഹകരിച്ചുപോകാൻ പറ്റില്ല,” ജോസഫ് പറഞ്ഞു. അർഹതയില്ലാത്തവർക്ക് യുഡിഎഫിൽ തുടരാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.