തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശനം ഉടൻ. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ മുന്നണി പ്രവേശനം നടക്കും. എൽഡിഎഫിൽ ആരും ഇതുവരെ പരസ്യമായി എതിർപ്പ് ഉന്നയിച്ചിട്ടില്ല. മാത്രമല്ല, നേരത്തെ ജോസ് കെ.മാണിയുടെ മുന്നണിപ്രവേശത്തെ ശക്തമായി എതിർത്തിരുന്ന സിപിഐയും നിലപാട് മയപ്പെടുത്തി.

വ്യാഴാഴ്‌ച ഇടതുമുന്നണിയോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ മുന്നണി വിപുലീകരണത്തെ കുറിച്ച് ചർച്ച നടക്കും. സിപിഐയുടെ കൂടെ അനുമതിയോടെ ജോസ് കെ.മാണി വിഭാഗത്തിന്റെ മുന്നണിപ്രവേശനത്തിൽ തീരുമാനമെടുക്കും. മുന്നണിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ നൽകിയ കത്തും വ്യാഴാഴ്ചയിലെ യോഗത്തിൽ പരിഗണിച്ചേക്കും.

കേരള കോൺഗ്രസിന്റെ സാന്നിധ്യം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണമാകുമെന്നാണ് ഇടതുമുന്നണിയിലെ പ്രധാനകക്ഷിയായ സിപിഎമ്മിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് ഔദ്യോഗികമായി മുന്നണി പ്രവേശനം പൂർത്തിയാക്കണമെന്നും സിപിഎം വിലയിരുത്തുന്നു. ഇത്തരം കാര്യങ്ങൾ മുന്നണിയിലെ മറ്റ് പാർട്ടികളെ അറിയിക്കും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം.

ജോസിന്റെ വരവ്; സ്വാഗതം ചെയ്ത് കാനം

കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഎഡിഎഫാണ് ശരിയെന്ന് പറഞ്ഞ് മുന്നണിയിലേക്ക് വരുമ്പോൾ കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ എന്തിന് എതിർക്കണമെന്ന് കാനം ചോദിച്ചു. എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് ജോസ് യുഡിഎഫ് വിട്ടുവന്നിരിക്കുന്നതെന്നും മറ്റ് കാര്യങ്ങൾ മുന്നണിയിൽ ആലോചിച്ച് കൂട്ടായ തീരുമാനമെടുക്കുമെന്നും കാനം നേരത്തെ പറഞ്ഞിരുന്നു.

Read Also: ശിവശങ്കറിനുവേണ്ടി കസ്റ്റംസ്; ആരോഗ്യനില ഇന്ന് വിലയിരുത്തും

“യുഡിഎഫ് വിട്ട് എൽഡിഎഫുമായി സഹകരിച്ചു പ്രവർത്തിക്കാൻ തയ്യാറാണെന്നാണ് ജോസ് കെ.മാണി പറഞ്ഞത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കൃഷികാർക്ക് അനുകൂലമായി സ്വീകരിച്ച നടപടികൾ ഓരോന്നായി വിശദീകരിച്ചാണ് അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കാം എന്നു പറഞ്ഞത്. ഇനിയുള്ള കാര്യങ്ങൾ മുന്നണി കൂടി വിലയിരുത്തിയ ശേഷം തീരുമാനിക്കും. കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചിടുത്തോളം അവർ യുഡിഎഫിൽ നിൽക്കുമ്പോൾ യുഡിഎഫിന്റെ നിലപാടുകളെയും അവരുടെ നിലപാടുകളെയും ഞങ്ങൾ എതിർത്തിട്ടുണ്ട്. ഇപ്പോൾ അവർ യുഡിഎഫിനെ തള്ളിപ്പറഞ്ഞ് എൽഡിഎഫാണ് ശരിയെന്ന് പറയുമ്പോൾ ഞങ്ങൾ എന്തിന് എതിർക്കണം?” കാനം ചോദിച്ചു.

യുഡിഎഫ് തകർച്ചയിൽ ലക്ഷ്യംവച്ച് സിപിഎമ്മും ഇടതുമുന്നണിയും

കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചത് നേട്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരള കോൺഗ്രസിന്റെ വരവ് ഇടതുപക്ഷത്തിന്റെ വികസന നയത്തിനുള്ള അംഗീകാരമാണെന്ന് കോടിയേരി അവകാശപ്പെട്ടു.

“യുഡിഎഫിന്റെ തകർച്ചയ്‌ക്ക് വേഗത കൂടും. ഐക്യജനാധിപത്യ മുന്നണിയിൽ ഇനിയും പൊട്ടിത്തെറികൾ ഉണ്ടാകും. മൂന്നാമത്തെ കക്ഷിയാണ് യുഡിഎഫിൽ നിന്നു പുറത്തുവന്നിരിക്കുന്നത്. ജോസ് കെ.മാണി മുന്നണി വിട്ടത് യുഡിഎഫിന്റെ അടിത്തറ തകർക്കും. കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനം സ്വാഗതം ചെയ്യുന്നു. കേരള കോൺഗ്രസ് മുന്നണിയിൽ നിന്നു വിട്ടുപോകുന്നത് തടയാൻ കോൺഗ്രസ് ഹൈക്കമാൻഡിന് പോലും സാധിച്ചില്ല. സംഘടനാപരമായും രാഷ്ട്രീയമായും കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി തകർന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ശക്തമാക്കുന്നതാണ് കേരള കോൺഗ്രസിന്റെ വരവ്,” കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook