പാല: കേരളത്തിൽ യുഡിഎഫിൽ നിന്നു പുറത്തായെങ്കിലും കേരള കോൺഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ.മാണി. കേരളത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നിൽക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും ജോസ് കെ.മാണി വ്യക്തമാക്കി.

“ഇപ്പോൾ ഇരുമുന്നണിയിലും ചേരാതെ സ്വതന്ത്രമായി നിൽക്കും. അതുകൊണ്ട് കാനം രാജേന്ദ്രനു മറുപടി പറയേണ്ട സാഹചര്യം ഇപ്പോഴില്ല. കേരളത്തിലെ യുഡിഎഫിലില്ലെങ്കിലും കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. നേരത്തെ യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി യുപിഎയ്‌ക്ക് ഒപ്പമായിരുന്നു,” ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു.

Read Also: കൊറോണ വൈറസ് വായുവിലൂടെ പകരാമെന്ന് ശാസ്ത്രജ്ഞർ

കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ രംഗത്തെത്തിയിരുന്നു. “ഇടത് മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനം സ്വീകരിക്കരുത്. വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. ജോസ് കെ.മാണി വിഭാഗം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് മുന്നണിയുമായും ജോസ് കെ.മാണി വിഭാഗം വിലപേശൽ നടത്തുന്നു. യുഡിഎഫിൽ നിൽക്കെ ലഭിച്ച എല്ലാ അധികാരങ്ങളും ജോസ് കെ.മാണി ഉപേക്ഷിക്കട്ടെ. അപ്പോൾ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ആലോചിക്കാം. വീരേന്ദ്രകുമാറിന്റെ പാർട്ടി എൽഡിഎഫിലേക്ക് വരുമ്പോൾ യുഡിഎഫിൽ നിന്ന് ലഭിച്ച രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചാണ് വന്നത്,” കാനം പറഞ്ഞു.

അതേസമയം, കാനത്തെ അനുരഞ്ജിപ്പിച്ച് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ജോസ് കെ.മാണി വിഭാഗത്തോട് വിയോജിക്കുന്നില്ല. അതിനാൽ തന്നെ സിപിഐയെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത എൽഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാകാനും സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.