പാല: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് തന്നെ എന്ന് സൂചന. ജോസ് കെ.മാണിയെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കുന്നതിനെതിരെ ആദ്യംമുതലേ എതിർപ്പ് പരസ്യമാക്കിയ സിപിഐ വഴങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ജോസ് കെ.മാണി വിഭാഗത്തോട് വിയോജിക്കുന്നില്ല. അതിനാൽ തന്നെ സിപിഐയെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത എൽഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാകാനും സാധ്യതയുണ്ട്.

Read Also: കൊച്ചി നഗരത്തിൽ കോവിഡ് വ്യാപന ഭീതി; ട്രിപ്പിൾ ലോക്ക്‌ഡൗണിലേക്ക്

അതേസമയം, നിലവിൽ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം കൂടി വ്യക്തമാക്കിയത്. ഒരു മുന്നണിയിലേക്കും ഇപ്പോൾ ഇല്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നും ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. “സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,” ജോസ് കെ.മാണി പറഞ്ഞു.

എന്നാൽ, ഇടതുമുന്നണിയിലേക്ക് ക്ഷണം ലഭിച്ചാൽ ജോസ് കെ.മാണി അത് നിരസിക്കില്ല. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുകയാണ് ജോസ് കെ.മാണി വിഭാഗവും ലക്ഷ്യമിടുന്നത്.

Read Also: നിരീക്ഷണ കേന്ദ്രത്തിൽ മദ്യപിച്ചയാൾക്ക് കോവിഡ്; കുപ്പി കയറിൽ തൂക്കി നൽകിയവർ ക്വാറന്റെെനിൽ

കേരള കോൺഗ്രസ് ജോസ് വിഭാഗത്തോടുള്ള നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ പരസ്യപ്പെടുത്തിയിരുന്നു. യുഡിഎഫിലെ ആഭ്യന്തര സംഘർഷമാണ് ജോസ് കെ.മാണിയെ പുറത്താക്കാൻ കാരണം. ജോസ് കെ.മാണി ആദ്യം രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കണം. ജോസ് കെ.മാണി നിലപാട് പ്രഖ്യാപിച്ചശേഷം മാത്രമേ ഇടതുമുന്നണിയിൽ ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. ജോസ് വിഭാഗം നിലപാട് വ്യക്തമാക്കിയ ശേഷം അവരോടുള്ള സമീപനം വ്യക്തമാക്കുമെന്നും കോടിയേരി പറഞ്ഞിട്ടുണ്ട്. ജോസ് കെ.മാണി വിഭാഗവുമായി ഇതുവരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. അങ്ങനെയൊരു ചർച്ചയ്‌ക്ക് ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയെ സമീപിച്ചിട്ടുമില്ല. അതുകൊണ്ട് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുന്നതിനനുസരിച്ച് അവരോടുള്ള സമീപനം ഇടതുമുന്നണി ചർച്ച ചെയ്യുമെന്നും കോടിയേരി കഴിഞ്ഞദിവസം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.