കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച വിഷയത്തില്‍ നിലപാട് കടുപ്പിച്ച് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി. നിലവിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കുക സംസ്ഥാന കമ്മിറ്റിയായിരിക്കുമെന്നും ജോസ് കെ.മാണി വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ തന്നെയായിരിക്കും ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നും പി.ജെ.ജോസഫുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ജെ.ജോസഫിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗവും രംഗത്തുണ്ട്. എന്നാല്‍, ജോസ് കെ.മാണിക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവും ഒരു ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.

Read More: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം; കെ.എം.മാണി അനുസ്മരണത്തിനിടെ തിരഞ്ഞെടുക്കരുതെന്ന് കോടതി

കെ.എം.മാണി അനുസ്മരണത്തിനിടെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കെ.എം.മാണി അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, ഇതിനെതിരെ കൊല്ലം ജില്ലാ സെക്രട്ടറി മനോജ് കോടതിയെ സമീപിക്കുകയായിരുന്നു. അനുസ്മരണ ചടങ്ങിനിടെ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് മനോജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അനുസ്മരണ മറവില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് മനോജ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ താത്കാലിക ചുമതല പി.ജെ.ജോസഫിന് കൈമാറിയിരുന്നു.

Read More: പാലാ ഉപതിരഞ്ഞെടുപ്പ്: മാണി സി.കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

കെ.എം.മാണിയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന പാലാ നിയമസഭാ മണ്ഡലത്തില്‍ ആര് സ്ഥാനാര്‍ഥിയാകും എന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ജോസ് കെ.മാണിയുടെ ഭാര്യ നിഷ ജോസ്.കെ മാണി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സാധ്യതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടന്നിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.