തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തെ ഇടത് മുന്നണിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിലപാട് ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിൽ ഇടതുപക്ഷത്തിനു തുടർഭരണ സാധ്യതയുണ്ട്. തുടർഭരണ സാധ്യതയെ സിപിഎം ദുർബലപ്പെടുത്തരുതെന്നും കാനം പറഞ്ഞു. ജോസ് കെ.മാണിയെ ഇടതുമുന്നണിയിൽ സ്വീകരിക്കുന്നതിൽ സിപിഎമ്മിനു താൽപര്യമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കാനത്തിന്റെ പ്രതികരണം.
“ഇടത് മുന്നണിയെ ദുർബലപ്പെടുത്തുന്ന തീരുമാനം സ്വീകരിക്കരുത്. വരുന്നവരെയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. ജോസ് കെ.മാണി വിഭാഗം അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മൂന്ന് മുന്നണിയുമായും ജോസ് കെ.മാണി വിഭാഗം വിലപേശൽ നടത്തുന്നു. യുഡിഎഫിൽ നിൽക്കെ ലഭിച്ച എല്ലാ അധികാരങ്ങളും ജോസ് കെ.മാണി ഉപേക്ഷിക്കട്ടെ. അപ്പോൾ ഇടതുമുന്നണി പ്രവേശനത്തെ കുറിച്ച് ആലോചിക്കാം. വീരേന്ദ്രകുമാറിന്റെ പാർട്ടി എൽഡിഎഫിലേക്ക് വരുമ്പോൾ യുഡിഎഫിൽ നിന്ന് ലഭിച്ച രാജ്യസഭാ എംപി സ്ഥാനം ഉപേക്ഷിച്ചാണ് വന്നത്.” കാനം പറഞ്ഞു.
Read Also: ലുലുവിലെ ജീവനക്കാർക്കു കോവിഡെന്ന് വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കും
അതേസമയം, കാനത്തെ അനുരഞ്ജിപ്പിച്ച് ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. സിപിഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുമായി സിപിഎം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികൾ ജോസ് കെ.മാണി വിഭാഗത്തോട് വിയോജിക്കുന്നില്ല. അതിനാൽ തന്നെ സിപിഐയെ കൂടി കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിലെടുക്കാൻ സാധിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. ഇതിനുവേണ്ടിയുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അടുത്ത എൽഡിഎഫ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ധാരണയുണ്ടാകാനും സാധ്യതയുണ്ട്.
നിലവിൽ സ്വതന്ത്രമായി നിൽക്കുമെന്നാണ് ജോസ് കെ.മാണി കഴിഞ്ഞ ദിവസം കൂടി വ്യക്തമാക്കിയത്. ഒരു മുന്നണിയിലേക്കും ഇപ്പോൾ ഇല്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നും ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. “സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,” ജോസ് കെ.മാണി പറഞ്ഞു.