കോട്ടയം: കേരളാ കോണ്‍ഗ്രസിലെ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. പി.ജെ.ജോസഫിനെ എതിര്‍ക്കാന്‍ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് ജോസ് കെ മാണി വിഭാഗം. മാണി വിഭാഗം നേതാക്കള്‍ ഇന്ന് സ്വകാര്യ ചര്‍ച്ച നടത്തി.

ജോസഫ് വിഭാഗത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ് യോഗത്തില്‍ ജോസ് കെ.മാണി. താല്‍ക്കാലിക ചെയര്‍മാന്‍ എന്ന നിലയില്‍ പി.ജെ.ജോസഫ് വിളിക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് മാണി വിഭാഗം. പാര്‍ലമെന്ററി പാര്‍ട്ടി യോഗമല്ല സംസ്ഥാന കമ്മിറ്റിയാണ് ആദ്യം വിളിക്കേണ്ടതെന്ന് ഇന്ന് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ജോസ് കെ.മാണിയും മറ്റ് നേതാക്കളും തീരുമാനമെടുത്തു. ജോസഫ് വിഭാഗം പാര്‍ട്ടിയില്‍ വിഭാഗീയ ശ്രമങ്ങള്‍ നടത്തുകയാണെന്ന വിമര്‍ശനവും ഉണ്ടായി.

Read More: ‘പിളരരുതിനിയും!’; സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ആവശ്യത്തിലുറച്ച് ജോസ് കെ.മാണി

അടിയന്തരമായി സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കണമെന്നാണ് ജോസ് കെ.മാണി വിഭാഗം ആവശ്യപ്പെടുന്നത്. അതിനു ശേഷം ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്നാണ് അവരുടെ നിലപാട്. ചെയര്‍മാനെ തിരഞ്ഞെടുത്ത ശേഷം മാത്രം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്താല്‍ മതിയെന്ന തീരുമാനവും ഇന്ന് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ കൈക്കൊണ്ടു.

അതേസമയം, ജോസഫ് വിഭാഗം പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കണമെന്ന ആവശ്യത്തിലാണ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ മതിയെന്നും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും പി.ജെ.ജോസഫ് വിഭാഗം വാദിക്കുന്നു.

ജോസ് കെ.മാണിയെ പിന്തുണക്കുന്ന മാണി വിഭാഗത്തിൽ നിന്നുള്ളവർ ജോസഫ് വിഭാഗത്തിന്റെ നീക്കത്തിൽ പൂർണ്ണമായും അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. പാർട്ടി പിടിക്കാനുള്ള ലക്ഷ്യത്തിലാണ് ജോസഫ് വിഭാഗം. ഇരു കൂട്ടരും തമ്മിലുള്ള ഭിന്നത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. തെരുവിൽ കോലം കത്തിച്ചും പരസ്യമായി വിമർശനങ്ങളുന്നയിച്ച് പോരടിക്കുന്നത് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്നാണ് ഇരു വിഭാഗങ്ങളും വിലയിരുത്തുന്നത്. സംസ്ഥാന കമ്മിറ്റി വിളിക്കേണ്ട ആവശ്യമില്ലെന്ന് ജോസഫ് വാദിക്കുമ്പോൾ സംസ്ഥാന കമ്മിറ്റി വിളിച്ച് മാത്രമേ ചെയർമാനെ അടക്കം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്നാണ് ജോസ് കെ. മാണിയും മാണി ഗ്രൂപ്പും ശക്തമായി വാദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.