കോട്ടയം: കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു. ജോസഫ് വിഭാഗം വിട്ടുനിന്ന യോഗത്തില്‍ ആധിപത്യം ഉറപ്പിച്ച് ജോസ് കെ.മാണി. ജോസ് കെ.മാണി വിളിച്ചു ചേര്‍ത്ത സമാന്തര സംസ്ഥാന കമ്മിറ്റി യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തു. ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തിരഞ്ഞെടുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് ഇ.ജെ.ആഗസ്തി ജോസ്.കെ.മാണിയുടെ പേര് നിര്‍ദേശിച്ചു. മുന്‍ എംഎല്‍എ തോമസ് ജോസഫ് ഇതിനെ പിന്താങ്ങി. യോഗത്തിൽ നിന്ന് സി.എഫ്.തോമസ് പങ്കെടുത്തില്ല.

Read Also: ‘പി.ജെ.ജോസഫ് സര്‍ അവിടെ ഇരുന്നോട്ടെ, പക്ഷേ…’; നിലപാട് വ്യക്തമാക്കി ജോസ് കെ.മാണി

325 സംസ്ഥാന സമിതി അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്. എട്ട് ജില്ലാ പ്രസിഡന്റുമാരും ചെയർമാനെ തിരഞ്ഞെടുത്ത യോഗത്തിൽ പങ്കെടുത്തു. ഭരണഘടന അനുസരിച്ച് ജോസ് കെ.മാണി വിളിച്ച സംസ്ഥാന യോഗത്തെ അംഗീകരിക്കാനാവില്ലെന്നാണ് പി.ജെ.ജോസഫ് സ്വീകരിച്ച നിലപാട്. സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നവർക്കെതിരെയും പി.ജെ.ജോസഫ് വിമർശനമുന്നയിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും ജോസ് കെ.മാണിയെ ചെയർമാനായി അംഗീകരിക്കുകയായിരുന്നു.

മുന്നോട്ടുള്ള യാത്രയിൽ കെ.എം.മാണിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാകുമെന്ന് ജോസ്.കെ.മാണി. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാ നേതാക്കൾക്കും ജോസ് കെ.മാണി നന്ദി പറഞ്ഞു. കെ.എം.മാണിയുടെ ആഗ്രഹത്തിനനുസരിച്ച് പാർട്ടിയെ നയിക്കുമെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേർത്തു.

Read Also: വർക്കിങ് ചെയ‍ർമാനെന്ന നിലയിൽ കമ്മിറ്റി വിളിക്കാൻ അധികാരപ്പെട്ടയാൾ താൻ തന്നെയെന്ന് പി.ജെ.ജോസഫ്

മുതിർന്ന നേതാവ് സി.എഫ്.തോമസിനെ ചെയർമാനാക്കി കേരള കോൺഗ്രസിൽ പിടിമുറുക്കാനായിരുന്ന ജോസഫ് വിഭാഗത്തിന്റെ നീക്കം. സി.എഫ്.തോമസ് ചെയർമാനാകുമ്പോൾ ജോസഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നും കക്ഷി നേതാവും ആകും. നിലവിൽ സിഎഫ് വഹിച്ചിരുന്ന ഡെപ്യൂട്ടി ചെയർമാൻ പദവി ജോസ് കെ.മാണിക്കു ലഭിക്കുന്നതാണ് ഈ ഫോർമുല. എന്നാൽ ഇത് അംഗീകരിക്കാൻ ജോസ് കെ.മാണി വിഭാഗം തയ്യാറായില്ല.

ഇതിന് പിന്നാലെയാണ് ജോസ് കെ.മാണി വിഭാഗം ഇന്ന് സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചത്. സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന് 127 പേർ ഒപ്പിട്ട കത്ത് ജോസ് കെ.മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. എന്നാൽ ജോസഫ് ഇത് അവഗണിച്ചതോടെ സമാന്തര സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ ജോസ് കെ.മാണി വിഭാഗം തീരുമാനിക്കുകയായിരുന്നു.

ജോസ്.കെ.മാണി ചെയർമാൻ സ്ഥാനത്തെത്തിയതിനോട് പി.ജെ.ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോസ് കെ.മാണി വിളിച്ച യോഗത്തെ ഫാൻസ് അസോസിയേഷൻ യോഗം എന്നാണ് ജോസഫ് പരിഹസിച്ചത്. ആറ് ജില്ലാ പ്രസിഡന്റുമാർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവരുടെ പിന്തുണ ജോസഫ് വിഭാഗത്തിനാണെന്നാണ് സൂചന. ജോസ്.കെ.മാണിയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്ത വാർത്തയോട് വ്യക്തതയില്ലാതെയാണ് സി.എഫ്.തോമസ് പ്രതികരിച്ചത്. താൻ ഇപ്പോഴും കേരളാ കോൺഗ്രസിലുണ്ടെന്നും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും സി.എഫ്.തോമസ് പറഞ്ഞു. അതേസമയം, ആർക്കൊപ്പമാണ് എന്ന് സി.എഫ്.തോമസ് വ്യക്തമാക്കിയിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.