scorecardresearch

രണ്ടിലയില്ലാത്തത് ഒരു ഫാക്ടറെന്ന് ജോസ്; ദൈവ നിശ്ചയം അംഗീകരിക്കുന്നെന്ന് ജോസ് ടോം

പി.ജെ.ജോസഫ് വിഭാഗവുമായുള്ള ഭിന്നതയെ തുടർന്നാണ് കേരളാ കോൺഗ്രസ് എമ്മിന് രണ്ടില ചിഹ്നം ലഭിക്കാതിരുന്നത്

പാല: പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന്റെ ഒരു ഫാക്ടര്‍ രണ്ടില ചിഹ്നം ലഭിക്കാത്തതാണെന്നു ജോസ് കെ.മാണി. ജനവിധി മാനിക്കുന്നതായും ജോസ് കെ.മാണി പറഞ്ഞു. പാലാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണു ജോസ് കെ.മാണിയുടെ പ്രതികരണം.

പരാജയ കാരണം വസ്തുതാപരമായി പരിശോധിക്കും. യുഡിഎഫും കേരളാ കോണ്‍ഗ്രസും ഒറ്റക്കെട്ടായി തോല്‍വിയുടെ കാരണം പരിശോധിക്കും. വീഴ്ചകള്‍ കണ്ടെത്തി തിരുത്തും. പരാജയത്തില്‍ പതറുകയും വിജയത്തില്‍ അമിതമായി ആഹ്ലാദിക്കുകയും ചെയ്യുന്നതല്ല രാഷ്ട്രീയം. കൂടുതല്‍ കരുത്താര്‍ജ്ജിച്ച് കേരളാ കോണ്‍ഗ്രസ് (എം) മുന്നോട്ടുപോകുമെന്നും ജോസ് കെ.മാണി പാലായില്‍ പറഞ്ഞു.

Read Also: പൈനാപ്പിള്‍ വിളഞ്ഞില്ല; പാലായില്‍ മാണി സി.കാപ്പന്‍

ദൈവ നിശ്ചയം അംഗീകരിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയവും പരാജയവും ഉണ്ടാകും. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടു പോകും. ഐക്യജനാധിപത്യ മുന്നണിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജോസ് ടോം പറഞ്ഞു.

പി.ജെ.ജോസഫ് വിഭാഗവുമായുള്ള ഭിന്നതയെ തുടർന്നാണ് കേരളാ കോൺഗ്രസ് എമ്മിന് രണ്ടില ചിഹ്നം ലഭിക്കാതിരുന്നത്. രണ്ടില ചിഹ്നം ലഭിക്കാൻ ജോസ് കെ.മാണി വിഭാഗം പരിശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം ആർക്കും നൽകില്ലെന്ന തീരുമാനമെടുക്കുകയായിരുന്നു. പാലായിൽ കെ.എം.മാണിയാണ് ചിഹ്നമെന്നും രണ്ടില ലഭിച്ചില്ലെങ്കിലും പ്രശ്നമില്ലെന്നും യുഡിഎഫ് സ്ഥാനാർഥി ടോം ജോസ് തന്നെ പറഞ്ഞിരുന്നു.

കേരളാ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ പാലായിൽ എൽഡിഎഫ് സ്ഥാനാർഥി മാണി സി.കാപ്പൻ 2943 വോട്ടിനാണു വിജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും തമ്മിൽ നടന്നത്. കെ.എം.മാണിയുടെ മരണത്തെത്തടർന്നാണു പാലായിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Read Also: യുപിഎ ഘടകകക്ഷിക്ക് പാലായില്‍ വിജയം; സെല്‍ഫ് ട്രോളുമായി ബല്‍റാം

വോട്ട്നില ഇങ്ങനെ

1. മാണി സി.കാപ്പൻ – 54137 വോട്ട്

2. ജോസ് ടോം – 51194 വോട്ട്

3. ഹരി.എൻ – 18044 വോട്ട്

ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23നായിരുന്നു പാലായിൽ തിരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jose k mani and jose tom about pala by election result 2019

Best of Express