പാലാ: കേരളാ കോണ്‍ഗ്രസ് എമ്മില്‍ തമ്മിലടി ശക്തം. ഇരു വിഭാഗങ്ങള്‍ക്കിടയിലും പെട്ട് ആപ്പിലായിരിക്കുന്നത് യുഡിഎഫും. പി.ജെ.ജോസഫ് വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് യുഡിഎഫിന് ഓര്‍ക്കാപ്പുറത്തുള്ള അടിയായി. ജോസ് കെ.മാണിയെ പ്രതിസന്ധിയിലാക്കാനാണ് പി.ജെ.ജോസഫ് അപ്രതീക്ഷിത നീക്കം നടത്തിയത്.

വേറെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് അങ്ങേയറ്റം ഗൗരവുമുള്ള വിഷയമാണെന്ന് ജോസ് കെ.മാണി പറഞ്ഞു. യുഡിഎഫ് നേതൃത്വം ഇതിനെ ഗൗരവമായി കാണുന്നതായും ജോസ് പറഞ്ഞു. യുഡിഎഫ് കണ്‍വീനറാണ് ജോസ് ടോമിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി വിമത നീക്കമാണ് നടത്തുന്നത്. അതിനു പിന്നിലെന്താണെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കണമെന്ന് പി.ജെ.ജോസഫിനെ ലക്ഷ്യംവച്ച് ജോസ് കെ.മാണി പറഞ്ഞു.

Read Also: പാലായില്‍ വിമത നീക്കം; ജോസഫ് വിഭാഗം നേതാവ് പത്രിക നല്‍കി

അതേസമയം, തങ്ങള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി ഡമ്മി സ്ഥാനാര്‍ഥി മാത്രമാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ജോസ് ടോം നല്‍കിയ പത്രിക തള്ളി പോകുകയാണെങ്കില്‍ സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യം വരരുതെന്ന് വിചാരിച്ചാണ് പത്രിക നല്‍കിയതെന്ന് ജോസഫ് വിഭാഗം പറയുന്നു. ജോസ് ടോം നല്‍കിയ പത്രിക സ്വീകരിച്ചാല്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമെന്നും ജോസഫ് വിഭാഗം പറയുന്നു.

അതേസമയം, രണ്ടില ചിഹ്നത്തിനായുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നു. ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിഭാഗവും കത്ത് നല്‍കിയിട്ടുണ്ട്. തങ്ങളാണ് യഥാര്‍ഥ കേരളാ കോണ്‍ഗ്രസ് എന്ന് വാദിച്ചാണ് ജോസ് കെ.മാണി വിഭാഗം കത്ത് നല്‍കിയിരിക്കുന്നത്. രണ്ടില ചിഹ്നം കിട്ടാത്ത പക്ഷം മറ്റൊരു ചിഹ്നം തിരഞ്ഞെടുക്കേണ്ടി വരും. കേരളാ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലെന്ന് പി.ജെ.ജോസഫ് ആവര്‍ത്തിക്കുന്നുമുണ്ട്.

നേരത്തെ, സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തി പി.ജെ.ജോസഫ് വിഭാഗം പൂഴിക്കടകന്‍ കളിക്കുകയായിരുന്നു. കര്‍ഷക യൂണിയന്‍ സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. ജോസഫിന്റെ പി.എ.സുധീഷ് കൈമളും വരണാധികാരിയെ സമീപിച്ചിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് പത്രിക നല്‍കിയിരിക്കുന്നത്. ഡമ്മി സ്ഥാനാര്‍ഥിയെന്നാണ് ജോസഫ് പക്ഷം വാദിക്കുന്നത്.

പ്രാദേശിക നേതാക്കളാണ് സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ലോക്കൽ കോമൺസെൻസ് ഉപയോഗിച്ചാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്നും ജോസ് ടോമിന്റെ പത്രിക സ്വീകരിച്ചാൽ ജോസഫ് കണ്ടത്തിൽ നൽകിയ പത്രിക പിൻവലിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.