കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി യോഗം ഉടന്‍ വിളിക്കേണ്ട ആവശ്യമില്ലെന്ന് പി.ജെ.ജോസഫിന്റെ വാദത്തെ തള്ളി വീണ്ടും ജോസ് കെ മാണി. ചെയർമാൻ സ്ഥാനം സംബന്ധിച്ച് സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി. വിഭാഗീയ പ്രവർത്തനം അനുവദിക്കില്ലെന്നും പാർട്ടിയെ സ്നേഹിക്കുന്നവർ വിഭാഗീയ പ്രവർത്തനം നടത്തില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെന്ന ജോസ്.കെ.മാണിയുടെ ആവശ്യത്തെ തള്ളി പി.ജെ.ജോസഫ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോസ് കെ മാണി നിലപാട് കടുപ്പിച്ചത്.

സംസ്ഥാന കമ്മിറ്റി യോഗം വിളിക്കണമെങ്കില്‍ ആദ്യം ഇതിനുള്ള സാഹചര്യം അറിയിക്കണം. ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്നും ജോസഫ് പറഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യൂട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണ് ചട്ടമെന്നും ജോസഫ് പറഞ്ഞു.

ജനാധിപത്യ രീതിയില്‍ തന്നെയായിരിക്കും ചെയര്‍മാനെ തിരഞ്ഞെടുക്കുക എന്നും പി.ജെ.ജോസഫുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ജോസ് കെ മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു കൂട്ടിച്ചേര്‍ത്തു. പി.ജെ.ജോസഫിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവുമായി ജോസഫ് വിഭാഗവും രംഗത്തുണ്ട്. എന്നാല്‍, ജോസ് കെ.മാണിക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന ആവശ്യവും ഒരു ഗ്രൂപ്പ് ഉന്നയിക്കുന്നുണ്ട്. പി ജെ ജോസഫിന് താല്‍ക്കാലിക ചുമതല നൽകിയത് പാർട്ടി ആലോചിച്ചിട്ടാണോ എന്ന ചോദ്യത്തിനും എല്ലാം സംസ്ഥാന കമ്മിറ്റി തീരുമാനിക്കുമെന്ന് ജോസ് കെ മാണി ആവര്‍ത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.