കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പായി ജോളിയെ കോടതിയിൽ ഹാജരാക്കും. അതേസമയം ജോളിയെ ഇനി കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടില്ലെന്നാണ് വിവരം.
Also Read: ആളൂരല്ല: കൂടത്തായി കൊലപാതകക്കേസിൽ ജോളിക്കുവേണ്ടി അഭിഭാഷകനെ ചുമതലപ്പെടുത്തി കോടതി
ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സഖറിയെയും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇരുവരോടും പരിസരം വിട്ടുപോകരുതെന്ന് പൊലീസ് നേരത്തെ നിർദേശം നൽകിയിരുന്നു. അതിനിടെ കേസന്വേഷണം വിലയിരുത്താൻ ഡിജിപിയുടെ നേതൃത്വത്തിൽ കോഴിക്കോട് പൊലീസ് ക്ലബിൽ യോഗം ചേർന്നു.
Also Read: കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര; ജോളി അറസ്റ്റിൽ, കൊലകൾക്ക് ഇടവേളയെടുത്തത് ബോധപൂർവ്വം
ജോളിയുടെ കട്ടപ്പനയിലുള്ള സഹോദരനടക്കം മറ്റ് ബന്ധുകളെയും പൊലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്തു. സിലിയുടെയും മകള്‍ ആല്‍ഫിയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കാന്നതിന് സിലിയുടെ സഹോദരങ്ങളായ സിജോ, സ്മിത, സിജോയുടെ ഭാര്യ ജോയ്സി, ജോളിയുടെ സഹോദരൻ ജോണി എന്നിവരെയും അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
നേരത്തെ ജോളിയുമായി നടത്തിയ തെളിവെടുപ്പിൽ പല നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു എന്നാണ് വിവരം. ചോദ്യം ചെയ്യലിലെല്ലാം തന്നെ സിലിയുടെ കൊലപാതകത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നു എന്നാണ് ജോളി മൊഴി നൽകിയിരുന്നത്.