പതിനാല് വര്‍ഷം… ആറ് ദുരൂഹമരണം… മുഖ്യ പ്രതിസ്ഥാനത്ത് ഒരു സ്ത്രീ. ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ ഒരാഴ്ചയായി നിറഞ്ഞുനില്‍ക്കുകയാണു കൂടത്തായ് കൂട്ടമരണക്കേസും മുഖ്യപ്രതി ജോളിയും. കേസ് സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങളും വെളിപ്പെടുത്തലുകളും മണിക്കൂറുകള്‍ കൊണ്ട് മാറിമറിയുകയാണ്. ജോളിക്കു പെണ്‍കുട്ടികളെ ഇഷ്ടമല്ലെന്നും ആദ്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെ അഞ്ചു പെണ്‍കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നുമാണ് ഏറ്റവും പുതിയ വെളിപ്പെടുത്തലുകളിലൊന്ന്. പൊന്നാമറ്റം കുടുംബത്തിലെ മറ്റു ചില മരണങ്ങളിലും ജോളിക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്.
ആരാണു ജോളി?
കോഴിക്കോട് താമരശേരി കൂടത്തായ് പൊന്നാമറ്റം വീട്ടിലെ റോയ് തോമസിന്റെ ആദ്യ ഭാര്യ. 47 വയസ്. അറസ്റ്റിലായതു 2011ല്‍ റോയ് തോമസ് കൊല്ലപ്പെട്ട കേസില്‍. ഇടുക്കി വാഴവര സ്വദേശി ജോസഫിന്റെ ആറ് മക്കളില്‍ അഞ്ചാമത്തെയാളായ ജോളിയമ്മ ജോസഫ് 1997ലാണു റോയ് തോമസിന്റെ ഭാര്യയായി പൊന്നാമറ്റം വീട്ടിലെത്തുന്നത്. വാഴവരയിലെ കുടുംബസ്വത്ത് വിറ്റ് നാലുവര്‍ഷം മുന്‍പ് ജോസഫും കട്ടപ്പനയിലേക്കു താമസം മാറുകയായിരുന്നു.
Also Read: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല
പാലായിലെ പാരലല്‍ കോളജിലായിരുന്നു ജോളിയുടെ ബികോം പഠനം. പ്രണയവിവാഹമായിരുന്നു റോയി-ജോളി ദമ്പതികളുടേത്. ബന്ധവുവീട്ടിലെ കല്യാണച്ചടങ്ങില്‍വച്ചാണു ഇരുവരും പരിചയപ്പെടുന്നത്. സിംലയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ റോമോയും പത്താം ക്ലാസ് വിദ്യാര്‍ഥിയായ മറ്റൊരു മകനുമാണു റോയ് തോമസ്- ജോളി ദമ്പതികള്‍ക്ക്.
റോയിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രനായ ഷാജുവിനെ ജോളി വിവാഹം ചെയ്തു. ഷാജുവിന്റെ ഭാര്യ സിലിയും ഒരു വയസുള്ള മകള്‍ അല്‍ഫൈനും മരിച്ച സംഭവങ്ങളിലും ആരോപണവിധേയയാണു ജോളി. രണ്ടാം വിവാഹത്തിനു ജോളിയാണു മുന്‍കൈ എടുത്തതെന്ന ആരോപണം ഷാജുവും ജോളിയുടെ ബന്ധുക്കളും ഉന്നയിച്ചിരുന്നു.
പൊന്നാമറ്റം കുടുംബം
റിട്ട. അധ്യാപകരായ ടോം തോമസ്- അന്നമ്മ ദമ്പതികള്‍ക്കു മൂന്നു മക്കള്‍. മൂത്ത മകന്‍ കൊല്ലപ്പെട്ട റോയ് തോമസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന റോജോ തോമസ്, രഞ്ജി എന്നിവരാണു മറ്റുമക്കള്‍. ശ്രീലങ്കയിലെ കൊളംബോയില്‍ ജോലി ചെയ്യുന്ന രഞ്ജി അവധിയെടുത്ത് വൈക്കത്ത് സുഹൃത്തിന്റെ വീട്ടിലാണിപ്പോള്‍. ഇവരുടെ സംരക്ഷണത്തിലാണു റോയ്-ജോളി ദമ്പതികളുടെ മക്കള്‍.
ദുരൂഹമരണങ്ങളുടെ നാള്‍വഴി
ടോം തോമസിന്റെ ഭാര്യ അന്നതോമസി(57)ന്റെ മരണമാണു പൊന്നാമറ്റം കുടുംബത്തില്‍ ആദ്യം നടന്നത്. 2002 സെപ്റ്റംബര്‍ 22ന് ആട്ടിന്‍ സൂപ്പ് കഴിച്ചശേഷം കുഴഞ്ഞുവീണതിനെത്തുടര്ന്നായിരു
റോയ് തോമസിന്റെ മരണത്തില്‍ ബന്ധുക്കളില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പൊന്നാമറ്റം വീട്ടിലെ ബാത്ത്‌റൂമിലായിരുന്നു റോയിയെ മരിച്ചനിലയില്‍ കണ്ടത്. വാതില്‍ അകത്തുനിന്നു പൂട്ടിയനിലയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ റോയ് തോമസിന്റെ മൃതദേഹത്തില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയുകയുണ്ടായി. കോടഞ്ചേരി പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
വര്‍ഷങ്ങള്‍ക്കുശേഷം റോജോ തോമസ് നല്‍കിയ പരാതിയിലാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതും കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധിച്ചശേഷം ജോളിയുടെ അറസ്റ്റിലേക്ക് എത്തിയതും.
Also Read: വീടിന് ദോഷമുണ്ട്, കൂടുതല്‍ പേര്‍ മരിക്കും; ജോളി പ്രചരിപ്പിച്ചത് ഇങ്ങനെ
അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം മാത്യുവിന്റേതായിരുന്നു നാലാമത്തെ ദുരൂഹമരണം. 2014 ഏപ്രില്‍ 24നാണ് അറുപത്തിയേഴുകാരനായ മാത്യു മരിച്ചത്. തുടര്‍ന്ന്, ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ അല്‍ഫൈന്‍ 2014 മേയില്‍ മരിച്ചു. മേയ് ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് രണ്ടുദിവസത്തിനുശേഷം മരിക്കുകയായിരുന്നു. 2016 ജനുവരി 11നു ഷാജുവിന്റെ ഭാര്യ സിലിയും ദുരൂഹസാഹചര്യത്തില്‍ മരിച്ചു. കൊല്ലപ്പെട്ട റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ സഹോദരന്‍ സഖറിയാസിന്റെ മകനാണു ഭാര്യ ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജു.
ആറ് മരണങ്ങളിലും അന്വേഷണം
നിലവില്‍ റോയ് തോമസ് വധക്കേസിലാണു ജോളി അറസ്റ്റിലായിരിക്കുന്നതെങ്കിലും മറ്റ് അഞ്ച് കേസിലും അന്വേഷണം തുടരുകയാണ്. ആറ് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തുക. ഓരോ കേസും ഓരോ സംഘം അന്വേഷിക്കും. ആറ് സംഘങ്ങളുടെയും ചുമതല കോഴിക്കോട് റൂറല്‍ എസ്പി കെ.ജി സൈമണിനായിരിക്കും. റോയിയുടെ മരണത്തില്‍ വ്യക്തമായ ജോളിക്കെതിരേ ശക്തമായ തെളിവുകളും മൊഴികളുമുണ്ടെന്നാണു എസ്പി പറഞ്ഞത്.
സയനൈഡ് എവിടെനിന്ന്
റോയ് തോമസിന്റെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശമുണ്ടായിരുന്നുവെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. മൃതദേഹാവശിഷ്ടങ്ങളില്‍ സനൈഡിന്റെ സാന്നിധ്യം കണ്ടെത്തുകയാണു പോലീസിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതിനായി രാജ്യത്തെ മികച്ച ലാബില്‍ പരിശോധനയ്ക്ക് ഒരുങ്ങുകയാണു പോലീസ്. ഇന്ത്യയിലെ പരിശോധനയില്‍ സനൈഡിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിദേശ ലാബിനെ ആശ്രയിക്കാനാണു പോലീസ് തീരുമാനം. കോടതിയുടെ അനുമതിയോടെയാവും പരിശോധനയ്ക്കു സാമ്പിളുകള്‍ അയയ്ക്കുക.
Also Read: ജോളിക്ക് മൂന്ന് ഫോണുകളുണ്ട്, ഇപ്പോൾ ഒന്നും കാണാനില്ല: ഷാജു
ജോളിക്ക് ഇത്രയധികം അളവില്‍ സയനൈഡ് എങ്ങനെ കിട്ടിയെന്നതു പോലീസ് അന്വേഷിക്കുന്നുണ്ട്. ജോളിക്കു സയനൈഡ് എത്തിച്ചുകൊടുത്തുവെന്നു കരുതുന്ന ബന്ധുവായ എം.എസ് മാത്യു, ഇയാള്‍ക്കു സയനൈഡ് കൈമാറിയ സ്വര്‍ണക്കട ജീവനക്കാന്‍ പ്രജുകുമാര്‍ എന്നിവരും കേസില്‍ അറസ്റ്റിലാണ്. എന്നാല്‍ ഇവര്‍ തന്നെയാണോ സയനൈഡ് എത്തിച്ചുകൊടുത്തത് എന്നതു പൊലീസ് കണ്ടെത്തേണ്ടതായുണ്ട്.
ജോളിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍
ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകള്‍ ഉള്‍പ്പെടെ അഞ്ച് പെണ്‍കുട്ടികളെക്കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണു ജോളിക്കെതിരായി ഏറ്റവുമൊടുവില്‍ വന്ന ആരോപണം. സുഹൃത്തുക്കളുടെ മക്കളും ജോളിയുടെ ഇരകളുടെ ലിസ്റ്റിലുണ്ടായിരുന്നതായാണ് ആരോപണം. ജോളിയെ പിടികൂടിയതു നന്നായെന്നും അല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നുമാണു എസ്പി കെ.ജി സൈമണ്‍ പറഞ്ഞത്. ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്നിവരുടെ മരണങ്ങളിലും ജോളിക്കെതിരേ ആരോപണമുയര്‍ന്നുകഴിഞ്ഞു.
ജോളി ആള് ജോളി; സാമ്പത്തിക ഇടപാടുകളും ഒസ്യത്തും സംശയാസ്പദം
ജോളിയുടെ പെരുമാറ്റം നല്ലതായിരുന്നുവെന്നു നാട്ടുകാരും സുഹൃത്തുക്കളും പറയുമ്പോഴും ഇടപെടലില്‍ ദുരൂഹതയുണ്ടായിരുന്നുവെന്ന വിവരങ്ങളാണു പുറത്തുവരുന്നത്. എന്‍ഐടി അധ്യാപകയാണെന്ന് അവകാശപ്പെട്ടുള്ള വ്യാജ ഐഡി കാര്‍ഡ് അണിഞ്ഞ് നടന്നതും എന്‍ഐടിയില്‍ നിത്യസന്ദര്‍ശകയായിരുന്നതും സംശയാസ്പദമാണ്. ജോളിയുടെ സൗഹൃദങ്ങളും സാമ്പത്തിക ഇടപാടുകളും ദുരൂഹത നിറഞ്ഞതായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം.
ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ ചിലരിലേക്കു പോലീസ് അന്വേഷണം നീണ്ടിട്ടുണ്ട്. പിതാവ് ടോം തോമസ് എഴുതി വച്ചതെന്നു പറഞ്ഞ് ഒരു ഒസ്യത്ത് റോയിയുടെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരങ്ങളെ ജോളി കാണിച്ചിരുന്നു. വെള്ളക്കടലാസില്‍ എഴുതിയ ഒസ്യത്തില്‍ ഒപ്പിട്ടത് ബന്ധുക്കളോ കുടുംബത്തിനു പരിചയമുള്ളവരോ ആയിരുന്നില്ല. മറിച്ച് ജോളിയുടെ സൗഹൃദത്തില്‍പ്പെട്ട ചിലരായിരുന്നു. ഇവരുടെ സഹായത്തോടെ തയാറാക്കായിതാണ് ഒസ്യത്തെന്നാണു പോലീസിനു ലഭിച്ച വിവരം.
വാദിക്കാന്‍ ആളൂരെത്തുന്നു
ജോളിയെ നിയമപരമായി സഹായിക്കില്ലെന്നു സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോള്‍ വാദിക്കാന്‍ അഡ്വക്കറ്റ് ബി.എ ആളൂര്‍ എത്തുമെന്നാണു ഏറ്റവും പുതിയ വിവരം. നിയമസഹായം ആവശ്യപ്പെട്ട് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടതായി ആളൂര്‍ വ്യക്തമാക്കി. വിവാദമായ നിരവധി കൊലപാതക്കേസുകളില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായി വാര്‍ത്തകളില്‍ ഇടംപിടിച്ചയാളാണ് ആളൂര്‍. കേരളത്തെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടിയും പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിനു വേണ്ടിയും ഹാജരായതു ബി.എ ആളൂരായിരുന്നു. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത് ആളൂരിന്റെ വാദത്തെത്തുടര്‍ന്നായിരുന്നു.