കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിനുള്ളിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ സെല്ലിനുള്ളിൽ കണ്ടെത്തിയത്.
രക്തം വാർന്ന നിലയിൽ കണ്ട ജോളിയെ ആദ്യം എത്തിച്ചത് ജില്ലാ ആശുപത്രിയിലായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ചത് എങ്ങനെയാണെന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കൈഞരമ്പ് മുറിച്ചത് എങ്ങനെയാണെന്ന കാര്യത്തിലാണ് അവ്യക്തത. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് സെല്ലിലെ ടൈലില്‍ ഉരച്ച് വലുതാക്കിയെന്നാണ് ജോളി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ മൊഴി വിശ്വസനീയമല്ലെന്നാണ് പൊലീസ് പറയുന്നത്.
Also Read: Horoscope Today February 27, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പലപ്പോഴും ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിലെ കൗൺസിലർമാരുടെ സേവനവും തേടിയിരുന്നു.
അതേസമയം, ബ്ലെയ്ഡോ കുപ്പിച്ചില്ലോ ഉപയോഗിച്ചാണ് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പ്രാഥമിക വിവിരം. ഇത് ഗുരുതരമായ സുരക്ഷ വീഴ്ച കൂടിയാണ്. മൂർച്ചയുള്ള വസ്തു എങ്ങനെയാണ് ജയിലിനുള്ളിൽ എത്തിയതെന്ന് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.