കോഴിക്കോട്: കൂടത്തായിയിലെ ആറു കൊലപാതകങ്ങളും താനാണ് ചെയ്തതെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി കെ.ജി.സൈമൺ. പിടിക്കപ്പെടുമെന്ന് ജോളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പറ്റിപ്പോയെന്നായിരുന്നു ജോളിയുടെ പ്രതികരണമെന്നും കെ.ജി. സൈമൺ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
ജോളിയുടെ പ്രധാന ലക്ഷ്യം സമ്പത്തായിരുന്നു. ആർഭാട ജീവിതം നയിക്കാനായിരുന്നു പണം ചെലവഴിച്ചത്. അറസ്റ്റിലായ ജോളിയുൾപ്പടെയുള്ള മൂന്നു പ്രതികൾക്കെതിരെയും ശക്തമായ തെളിവുകളുണ്ട്. ഷാജു അപരാധിയെന്നോ നിരപരാധിയെന്നോ ഇപ്പോള്‍ പറയുന്നില്ലെന്നും എസ്‌പി വ്യക്തമാക്കി.
Also Read: ‘സയനൈഡില്‍ വിരല്‍ തൊട്ട് ബ്രെഡില്‍ പുരട്ടി’; ആല്‍ഫൈനെ കൊന്നെന്ന് ജോളി സമ്മതിച്ചതായി പോലീസ്
അതേസമയം അമ്മ അന്നമ്മയുടേത് കൊലപാതകമായിരുന്നെന്ന് ആദ്യ ഭർത്താവ് റോയിക്ക് അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. സിലിയെ കൊല്ലാൻ മൂന്നു തവണ ശ്രമിച്ചുവെന്നും ജോളി മൊഴി നൽകിയിട്ടുണ്ട്. അന്നമ്മയിൽനിന്ന് ജോളി പണം കടംവാങ്ങിയിരുന്നു. ഇത് അന്നമ്മ തിരികെ ചോദിച്ചതിലുള്ള വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്നായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
സിലിയെ കൊല്ലാൻ ജോളി ആദ്യ ശ്രമത്തിൽ ഭക്ഷണത്തിൽ സയനെയ്ഡ് കലർത്തി നൽകിയെങ്കിലും വിഷത്തിന്റെഅളവ് കുറവായതിനാൽ രക്ഷപ്പെട്ടു. രണ്ടാം വട്ടം വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും സിലി ഇത് കഴിക്കാൻ കൂട്ടാക്കിയില്ല. മൂന്നാം വട്ടമാണ് 2016ൽ ദന്താശുപത്രിയിൽ വച്ച് സിലി ജോളിയുടെ മടിയിൽ കുഴഞ്ഞുവീണ് മരിച്ചത്.
Also Read: കൂടത്തായി കൂട്ടക്കൊല: അന്വേഷണം പൊലീസിന് വെല്ലുവിളിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ
അതേസമയം കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യപ്രതി ജോളിയെ ചോദ്യം ചെയ്യുന്നത് തുടരും. അന്വേഷണത്തിനു സാങ്കേതികസഹായം നല്‍കുന്ന വിദഗ്ധ സംഘവും ഇന്ന് കൂടത്തായിൽ എത്തുന്നുണ്ട്. എസ്‍പി ദിവ്യ.എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘമാണ് പരിശോധനകൾക്കായി എത്തുന്നത്. പൊലീസ് സീൽ ചെയ്തിരിക്കുന്ന പൊന്നാമറ്റം വീട്ടിലുൾപ്പെടെ ഇവർ പരിശോധന നടത്തുമെന്നാണ് സൂചന.
ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘം നടത്തുന്ന പരിശോധനയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും മൃതദേഹാവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിദേശത്തേക്ക് അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.