ജോജു ജോർജിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ജോജു പൊലീസില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏക പേര് ടോണി ചെമ്മണിയുടേതാണ്

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ നടൻ ജോജു ജോർജിന്റെ വാഹനം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. വാഹനത്തിന്റെ ചില്ലു തകർത്ത ജോസഫിനെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു കോടിയോളം രൂപ വില വരുന്ന ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ പിന്നിലെ ചില്ലാണ് അടിച്ചു തകർത്തത്. ഇതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. ചില്ലു പൊട്ടിക്കുന്നതിനടിയിൽ കയ്യിൽ ചെറുതായി പരുക്കേറ്റ പ്രതി ആശുപത്രിയിൽ പോകാതെ രഹസ്യ കേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

അതേസമയം, പ്രതിഷേധം ഉണ്ടായ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനെതിരായ പരാതിയില്‍ തെളിവില്ല എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ജോജുവിന്റെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തല്ല തകര്‍ത്തവര്‍ക്കുമെതിരെ കേസെടുത്തെന്നും. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ജോജു ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങളെല്ലാം മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി നിഷേധിച്ചിരുന്നു. “ജോജുവിനെ അസഭ്യം പറയുകയോ കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ല. സ്വാഭാവീകമായ വികാര പ്രകടനത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്. എന്നാല്‍ വാഹനത്തിന്റെ ചില്ല് തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ല. വനിതാ പ്രവര്‍ത്തരോട് മോശമായി പെരുമാറിയില്ല എന്ന് ജോജു പറഞ്ഞത് നുണയാണ്,” ടോണി മനോരമ ന്യൂസിനോട് പറഞ്ഞു.

ജോജുവിന്റെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ നേതാക്കന്മാര്‍ പ്രതിപ്പട്ടികയിലെത്താനുള്ള സാധ്യതയുണ്ട്. സംഭവ സമയത്ത് ജോജുവിനൊപ്പം ഒപ്പം കാറിലുണ്ടായിരുന്നവരുടേയും മൊഴി രേഖപ്പെടുത്തും.

ഇന്നലെ ഉച്ചതിരിഞ്ഞാണ് കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജുവിന്റെ പരസ്യ പ്രതിഷേധം നടന്നത്. ഏകദേശം 20 മിനിറ്റോളം ജോജുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അദ്ദേഹത്തിനൊപ്പം കൂടുതല്‍ ആളുകളും ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജോജുവിന് നേരെ കൈയ്യേറ്റം ശ്രമം നടക്കുകയും താരത്തിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സമര രീതി പ്രാകൃതമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്നും ജോജു വ്യക്തമാക്കി. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയായിരുന്നു ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരം. ജോജു മദ്യപിച്ചാണ് എത്തിയതെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞുവെന്നും സമരക്കാര്‍ ആരോപിച്ചു. എന്നാല്‍ പിന്നീട് നടത്തിയ വൈദ്യ പരിശോധനയില്‍ താരം മദ്യപിച്ചിട്ടില്ല എന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

Also Read: ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നാശമെന്ന് പൊലീസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Joju george congress protest tony chemmany kerala police

Next Story
ശനിയാഴ്ച വരെ മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശംRain, Monsoon
The moderation of comments is automated and not cleared manually by malayalam.indianexpress.com