scorecardresearch
Latest News

ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ കേടുപാടെന്ന് പൊലീസ്; കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാ കുറ്റം

അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവർക്ക് ഇന്ധന വില തീവ്ര പ്രശ്നമെന്ന് ജോജുവിനോട് കോൺഗ്രസ് എംപി രമ്യ ഹരിദാസ്

Joju George, Congess, Kerala High Court

കൊച്ചി: കൊച്ചിയിൽ കോൺഗ്രസ് പ്രതിഷേധ സമരത്തിനിടെ നടൻ ജോജു ജോർജിനെതിരെയുണ്ടായ ആക്രമണത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

നടൻ ജോജുവിനെ വാഹനം തടഞ്ഞ് ആക്രമിച്ചത് മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ ജോജുവിന്റെ കാറിന് ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പൊലീസ് പറയുന്നു.

ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ പ്രതിഷേധം നടത്തിയ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിച്ചിക്കുകയും പിന്നീട് വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന് നേരെ കയ്യേറ്റം ശ്രമം നടത്തിയതായാണ് ആരോപണം. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തിരുന്നു.

സംഭവത്തെത്തുടർന്ന് നടന്‍ ജോജു ജോര്‍ജിന്റെ തൃശൂരിലെ വീടിന് മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. വീടിനു പൊലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

അതിനിടെ, ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ സമരത്തിനിടെ പ്രതിഷേധം നടത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന ആരോപണം പൊലീസ് തള്ളി. താരം മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി

അതേസമയം കോൺഗ്രസ് എംപി രമ്യ ഹരിദാസം സംഭവത്തിൽ ജോജുവിനെതിരെ വിമർശനമുന്നയിച്ചു.

“മിസ്റ്റർ സിനിമാതാരം താങ്കൾക്ക് തെറ്റി…ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികൾ..കോൺഗ്രസുകാർ………. അത് മറക്കേണ്ട..,” എന്ന് ജോജുവിന്റെ പേര് പരാമർശിക്കാതെയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിൽ രമ്യ ഹരിദാസ് കുറിച്ചു.

Also Read: ജോജു ക്രിമിനല്‍, ഗുണ്ടയെ പോലെ പെരുമാറിയെന്ന് സുധാകരന്‍; വഴി തടയല്‍ സമരത്തിനോട് വിയോജിച്ച് സതീശന്‍

“അവിടെയുള്ള ഒരു കോൺഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല..സമൂഹത്തിനുവേണ്ടി ആണെന്ന് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു ഒരു സിനിമയ്ക്ക് നിങ്ങൾ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും.. തെരുവിൽ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയർപ്പ് തുള്ളിയാണ് നിങ്ങൾ പടുത്തുയർത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട,” രമ്യ ഹരിദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

“രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്. ടാക്സി, ബസ് തൊഴിലാളികൾ പട്ടിണിയിലാണ്.. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്…ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്…കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ.. നിങ്ങൾ ഒരു മലയാളി അല്ലേ..?,” എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ രമ്യ ഹരിദാസ് കുറിച്ചു.

ഇന്ന് ഉച്ചയോടെയാണ് കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജുവിന്റെ പരസ്യ പ്രതിഷേധം നടന്നത്. ഏകദേശം 20 മിനിറ്റോളം ജോജുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അദ്ദേഹത്തിനൊപ്പം കൂടുതല്‍ ആളുകളും ചേര്‍ന്നതോടെയാണ് വാക്കേറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

Also Road: പാചക വാതകത്തിന് പൊള്ളുന്ന വില; വാണിജ്യ സിലിണ്ടറിന് 266 രൂപ കൂട്ടി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Joju george congress protest in kochi updates and responses