കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ ഗതാഗതം സ്തംഭിപ്പിച്ചുള്ള സമരത്തിനിടെ പ്രതിഷേധം നടത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന ആരോപണം തള്ളി പൊലീസ്. താരം മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അറിയിച്ചു. വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് ഉച്ചയോടെയാണ് കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജുവിന്റെ പരസ്യ പ്രതിഷേധം നടന്നത്. ഏകദേശം 20 മിനിറ്റോളം ജോജുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. അദ്ദേഹത്തിനൊപ്പം കൂടുതല്‍ ആളുകളും ചേര്‍ന്നതോടെയാണ് വാക്കേറ്റത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിന് നേരെ കൈയ്യേറ്റം ശ്രമം നടത്തിയതായാണ് വിവരം. ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്തു. കോണ്‍ഗ്രസിന്റെ സമര രീതി പ്രാകൃതമാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള നീക്കമാണെന്നും ജോജു വ്യക്തമാക്കി. ഇടപ്പള്ളി മുതല്‍ വൈറ്റില വരെയായിരുന്നു സമരം.
അതേസമയം, ജോജു മദ്യപിച്ചാണ് എത്തിയതെന്നും മഹിളാ കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറഞ്ഞുവെന്നും സമരക്കാര്‍ ആരോപിച്ചു. നടന്‍ നടത്തിയത് സിനിമാ സ്റ്റൈല്‍ ഷോയാണെന്ന് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷന്‍ ഷിയാസും മുന്‍ കൊച്ചി മേയര്‍ ടോണി ചെമ്മണിയും പറഞ്ഞു.

മഹിളാ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ജോജു നിഷേധിച്ചു. “ഞാന്‍ നന്നായി മദ്യപിച്ചിരുന്ന വ്യക്തിയാണ്. എന്നാല്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷത്തോളമായി. സ്ത്രീകളോട് ഞാന്‍ ഒരിക്കലും മോശമായി പെരുമാറില്ല. കാരണം അവരുടെ മൂല്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം,” ജോജു മനോരമ ന്യൂസിനോട് പറഞ്ഞു.
സംഘര്‍ഷത്തിന് ശേഷം പൊലീസ് സംരക്ഷണത്തിലാണ് നടനെ സംഭവ സ്ഥലത്ത് നിന്നും മാറ്റിയത്. കോണ്‍ഗ്രസിന്റെ ആരോപണത്തില്‍ ജോജുവിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോയി. താരത്തിന് ചെറിയ പരിക്കു പറ്റിയിട്ടുണ്ട്. പനങ്ങാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷമായിരുന്നു നടപടികള്‍.