കൊച്ചി: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം വിട്ട ജോണി നെല്ലൂര്‍. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ബിജെപി നേതാവായിരുന്ന വി.വി.അഗസ്റ്റിനാണ് പാര്‍ട്ടി ചെയര്‍മാന്‍, ജോണി നെല്ലൂര്‍ പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. മാത്യു സ്റ്റീഫനും കെ.ഡി.ലൂയിസും വൈസ് ചെയര്‍മാന്മാരാകും.
സണ്ണി തോമസ്, ജോയ് എബ്രഹാം, തമ്പി എരുമേലിക്ക, സി.പി.സുഗതന്‍, എലിസമ്പത്ത് ജെ.കടവന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ഡോ.ജോര്‍ജ് എബ്രഹാം ട്രഷററാകും. ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്നും ഒരു പാര്‍ട്ടിയുടെ കീഴിലും പ്രവര്‍ത്തിക്കില്ലെന്നും ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് ജോണി നെല്ലൂര്‍ പറഞ്ഞു.
ജോണി നെല്ലൂരും, മാത്യു സ്റ്റീഫനുമടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ് ജോസഫില്‍ നിന്ന് രാജിവച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പുതിയ പാര്‍ട്ടിയുടെ കണ്‍വെന്‍ഷന്‍ കൊച്ചിയില്‍ നടത്തുമെന്നും ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ഒരു പാര്‍ട്ടിയോടും അടുപ്പമില്ലെന്നും കാര്‍ഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യമെന്നും ചെയര്‍മാന്‍ വി.വി.അഗസ്റ്റിന്‍ പറഞ്ഞു. റബറിന് 300 രൂപ വില ലഭിക്കാനായി എന്നും സമരരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളുമായി ചര്‍ച്ച നടന്നിട്ടില്ല. പ്രധാനമന്ത്രിയെ ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.