scorecardresearch

‘അവർ എതിർക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നത്’; മറുപടിയുമായി ബ്രിട്ടാസ്

എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക, എനിക്ക് രാഷ്ട്രീയമുണ്ട്

തിരുവനന്തപുരം: ലോ അക്കാദമി വിവാദവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ചതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും അവതാരകനുമായ ജോണ്‍ ബ്രിട്ടാസ് രംഗത്ത്. ലോ അക്കാദമിയില്‍ താന്‍ പഠിച്ചിരുന്നുവെന്നും ഇനിയും മറ്റു കോഴ്സുകള്‍ പഠിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. താന്‍ ലോ അക്കാദമിയില്‍ പഠിച്ച കാര്യം വെളിപ്പെടുത്തല്‍ പോലെ പ്രചരിപ്പിക്കുന്നവര്‍ക്ക് തന്നെ എതിര്‍ക്കാന്‍ തക്കതായ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദ്‌ഭുതം മറ്റൊന്നുമല്ല. ജോൺ ബ്രിട്ടാസ് ലാ അക്കാദമിയിൽ (ഇപ്പോളൊന്നുമല്ല, വർഷങ്ങൾക്കു മുൻപ്) പഠിച്ചിരുന്നു !! വെളിപ്പെടുത്തലായിട്ടാണ് ചിലരിൽ പ്രചരിപ്പിക്കുന്നത്. ശരിയാണ്, ഞാൻ പഠിച്ചിരുന്നു. കഴിയുമെങ്കിൽ ഇനിയും ഇനിയും മറ്റു പല കോഴ്‌സ്‌കൾക്കും പടിക്കണമെന്നാണ് എന്റെ ആഗ്രഹം. അടിസ്ഥാന പരീക്ഷ പൂർത്തിയാക്കിയത് മറ്റു സർവകലാശാലകളിലായത് കൊണ്ട് കേരള യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാണ് അഡ്‌മിഷൻ എടുത്തത്. സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പഠിക്കാൻ സൗകര്യമുള്ള ഈവനിങ് കോഴ്‌സിലാണ് ഞാൻ ചേർന്നത്. ഉയർന്ന ഉദ്യാഗസ്ഥരും എന്തിനേറെ സിനിമയിൽ പ്രവർത്തിക്കുന്നവർ പോലും ഇത്തരത്തിൽ പഠിച്ചിട്ടുണ്ട്, അല്ലെങ്കിൽ പഠിക്കുന്നുണ്ടെന്നും ബ്രിട്ടാസ് പറഞ്ഞു.

ദൗർഭാഗ്യവശാൽ ബിരുദം എടുക്കാൻ കഴിയാത്ത രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ് ചിലർ പറയുന്നതു കേട്ടാൽ തോന്നുന്നതെന്ന് ബ്രിട്ടാസ് പരിഹസിച്ചു. ലക്ഷ്മി നായർ കൈരളിയിൽ അവതാരകയാണ്. ഞാൻ കൈരളി ടിവി എംഡിയായിയായി വരുന്നതിനു എത്രയോ കാലം മുൻപ് അവർ അവതാരകയായതാണ്. ഒരാൾക്ക് സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോയെന്നും ബ്രിട്ടാസ് ചോദിക്കുന്നു.

എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക. എനിക്ക് രാഷ്ട്രീയമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാരഥിയാണ്, കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഇത്രയും പോരേ ചിലർക്ക് എന്നെ നിരന്തരമായി എതിർക്കാൻ ? അവർ എതിർക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നതെന്നും കുറിച്ചാണ് ബ്രിട്ടാസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ലക്ഷ്മി നായര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ജോണ്‍ ബ്രിട്ടാസിനെതിരേയും നവമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു. ലക്ഷ്മി നായര്‍ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് മൗനം പാലിക്കുന്നത് ലോ അക്കാദമിയില്‍ നിന്നും അനധികൃതമായി ലഭിച്ച ഇന്റേണല്‍ മാര്‍ക്കിന്റെ പ്രത്യുപകാരം ആണെന്നായിരുന്നു പ്രചരണങ്ങള്‍. ബ്രിട്ടാസ് ലോ അക്കാദമിയില്‍ പഠിച്ചതിനെ കുറിച്ച് നിറംപിടിപ്പിച്ച കഥകളും പ്രചരിച്ചു. ഇതിന് മറുപടിയുമായാണ് ബ്രിട്ടാസിന്റെ രംഗപ്രവേശം.

ബ്രിട്ടാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫേസ് ബുക്ക് അടി കൂടാനുള്ള കവലയായി കാണാനാഗ്രഹിക്കാത്തത് കൊണ്ട് വളരെ വിരളമായി മാത്രമേ ഇങ്ങോട്ടു എത്തി നോക്കാറുള്ളൂ. എന്തോ ചില അദ്‌ഭുതങ്ങൾ സംഭവിച്ചു എന്ന പേരിൽ എന്നോട് താത്പര്യം ഉള്ള ചിലർ ചിലകാര്യങ്ങൾ വിളിച്ചറിയിച്ചപ്പോഴാണ് ഈയൊരു കുറിപ്പെഴുതണമെന്നു തോന്നിയത്. അദ്‌ഭുതം മറ്റൊന്നുമല്ല. ജോൺ ബ്രിട്ടാസ് ലാ അക്കാഡമിയിൽ (ഇപ്പോളൊന്നുമല്ല, വർഷങ്ങൾക്കു മുൻപ്) പഠിച്ചിരുന്നു !!

വെളിപ്പെടുത്തലായിട്ടാണ് ചിലരിൽ പ്രചരിപ്പിക്കുന്നത്. ശരിയാണ്, ഞാൻ പഠിച്ചിരുന്നു.കഴിയുമെങ്കിൽ ഇനിയും ഇനിയും മറ്റു പല കോഴ്‌സ് കൾക്കും പടിക്കണമെന്നാണ് എന്റെ ആഗ്രഹം. അടിസ്ഥാന പരീക്ഷ പൂർത്തിയാക്കിയത് മറ്റു സർവ്വകലാശാലകളിലായത് കൊണ്ട് കേരള യൂണിവേഴ്സിറ്റിയിൽ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാണ് അഡ്‌മിഷൻ എടുത്തത്.സാധാരണ തൊഴിൽ ചെയ്യുന്നവർക്ക് പഠിക്കാൻ സൗകര്യമുള്ള ഈവെനിംഗ് കോഴ്‌സിലാണ് ഞാൻ ചേർന്നത്. ഉയർന്ന ഉദ്യാഗസ്ഥരും എന്തിനേറെ സിനിമയിൽ പ്രവർത്തിക്കുന്നവർ പോലും ഇത്തരത്തിൽ പഠിച്ചിട്ടുണ്ട് അല്ലെങ്കിൽ പഠിക്കുന്നുണ്ട്. അഡ്മിഷൻ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരുന്നില്ല. BA ക്കും MA ക്കും റാങ്കും (കാലിക്കറ്റ് യൂണിവേഴ്സിറ്റി), M Phil ന് ഉയർന്ന ഗ്രേഡും, 4 വർഷത്തെ ഗവേഷണവും (ഡൽഹി, ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി) ഉള്ള എനിക്ക് അടിസ്ഥാന യോഗ്യത ഇല്ല എന്ന് ഇനി ആരെങ്കിലും വാദിക്കുമോ ആവോ? ലക്ഷ്മി നായർ കാലിക്കറ്റ് , ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലർ ആയിരുന്നിട്ടില്ല….!!

കഴിയാവുന്ന രീതിയിൽ ഞാൻ പഠിച്ചു, പക്ഷെ ദൗർഭാഗ്യവശാൽ ബിരുദം എടുക്കാൻ കഴിഞ്ഞില്ല. ചിലർ പറയുന്നതു കേട്ടാൽ എനിക്ക് രഹസ്യ കവറിലിട്ടു ഒരു ബിരുദം ലോ അക്കാദമി തന്നു എന്നാണ്. അനർഹമായി ഞാൻ എന്തെങ്കിലും വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിൽ എത്ര പണ്ടേ ഒരു ഡിഗ്രി എന്റെ കക്ഷത്തിരിക്കുമായിരുന്നു. ഇന്ന് നമ്മുടെ ചുറ്റും ആക്രോശം നടത്തുന്ന പല മാന്യന്മാരും ഇങ്ങനെ LLB കരസ്ഥമാക്കിയവരാണെന്നാണല്ലോ പറയുന്നത്.

അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം? ലക്ഷ്മി നായർ കൈരളിയിൽ അവതാരകയാണ്. ഞാൻ കൈരളി ടി വി MD യായി വരുന്നതിനു എത്രയോ കാലം മുൻപ് അവർ അവതാരകയായതാണ്. കൈരളിയിൽ മാത്രമല്ല മലയാള മനോരമയുടെ വനിതയിലും അവർ സ്ഥിരമായി പാചക പംക്തി കൈകാര്യം ചെയ്യുന്നുണ്ട്. വർഷംതോറും മെട്രോ മനോരമക്കു വേണ്ടി അവർ പ്രത്യേക പാചക പരിപാടി നടത്തുന്നുണ്ട്. ഒരാൾക്ക് സിനിമയിലും ടെലിവിഷനിലും പ്രവർത്തിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ?

പിന്നെ എന്താണ് യഥാർത്ഥ പ്രശ്നം? എന്നെ മനസ്സിലാക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് ഇത് പറയുന്നത്. എന്തിനും എപ്പോഴും കുറ്റം കണ്ടെത്താൻ ശ്രമിക്കുന്നവർ സദയം ക്ഷമിക്കുക. എനിക്ക് രാഷ്ട്രീയമുണ്ട്. ഒരു സ്ഥാപനത്തിന്റെ സാരഥിയാണ്, കൂടാതെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങളുമുണ്ട്. ഇത്രയും പോരേ ചിലർക്ക് എന്നെ നിരന്തരമായി എതിർക്കാൻ ? അവർ എതിർക്കട്ടെ, ഈ ഉരകല്ലിലാണ് നമുക്ക് കൂടുതൽ തെളിച്ചം വരുന്നത്…

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: John brittas replays over law academy controvercy