തിരുവനന്തപുരം: നിപ്പ ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
മരണമടഞ്ഞ നഴ്സ് ലിനിയുടെ മക്കൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. ലിനിയുടെ ഭർത്താവിന് ജോലി നൽകാനും സർക്കാർ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.
നിപ്പ വൈറസ് ബാധയെ തുടർന്ന് രോഗബാധിതനെ ചികിത്സിക്കുനിതിനിടയിലാണ് ലിനിക്ക് അസുഖം ബാധിച്ചത്. ഇതേ തുടർന്ന് ലിനി മരണമടയുകയായിരുന്നു. ലിനിയുടെ രണ്ട് മക്കൾക്കും പത്ത് ലക്ഷം രൂപ വീതം നൽകും. അഞ്ച് ലക്ഷം വീതം ഫിക്സഡ് ഡിപ്പോസിറ്റായി നൽകുകയും മറ്റ് അഞ്ച് ലക്ഷം വീതം അവരുടെ ചെലവുകൾക്കായി വിനിയോഗിക്കത്തവിധത്തിൽ നിക്ഷേപിക്കുകയും ചെയ്യും.
ഇതിന് പുറമെ നിലവിൽ ബഹ്റൈനിൽ ജോലി ചെയ്യുന്ന ലിനിയുടെ ഭർത്താവിന് നാട്ടിൽ ജോലി നൽകാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
രോഗികളുടെ ചികിത്സ ചെലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും നിപ്പ വൈറസിനെ തടയാന്‍ മലേഷ്യയില്‍ നിന്നും റിബൈറിന്‍ മരുന്ന് എത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നിപ്പയെ തടയാന്‍ മുന്‍പ് സഹായിച്ച ഏക മരുന്നാണിത്. അതേസമയം, വവ്വാലുകളെ ഭയപ്പെടേണ്ടതില്ലെന്നും ആശങ്ക മൂലം വവ്വാലുകളെ കൊന്നൊടുക്കരുതെന്നും മന്ത്രി അറിയിച്ചു.
നിപ്പ വൈറസ് മരുന്ന് വിദഗ്‍ദരുടെ നിർദേശത്തെ തുടർന്ന് ആരംഭിക്കുകയാണ്. നിപ്പ ഭീതിയിൽ വവ്വാലുകളുടെ ആവാസ വ്യവസ്ഥ തകർക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു.ഇതേസമയം നിപ് ബാധയെന്ന് സംശയിക്കുന്ന രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.