ന്യൂഡൽഹി: നീതിക്കു വേണ്ടി ജെഎൻയു വിദ്യാർഥി യൂണിയൻ നടത്തുന്ന പോരാട്ടത്തിൽ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് മുഖ്യമന്ത്രിയുമായി കേരള ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഐക്യദാർഢ്യം അറിയച്ചത്. നിങ്ങൾ നടത്തുന്ന സമരവും നിങ്ങൾക്ക് സംഭവിച്ചതും എല്ലാവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞു.
സുധാൻവ ദേശ്പാണ്ഡെ രചിച്ച സഫ്ദർ ഹഷ്മിയുടെ ജീവചരിത്രം ഹല്ലാ ബോൽ മുഖ്യമന്ത്രി ഐഷിക്ക് സമ്മാനിച്ചു. കേരളം നൽകിയ പിന്തുണയ്ക്ക് ഐഷി നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ജെഎൻയു സമരങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും ഐഷി പ്രതികരിച്ചു. ജെഎൻയു വിദ്യാർഥികളായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ്എഫ്ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ജെഎൻയുവിൽ മുഖംമൂടി ധരിച്ചെത്തിയവർ വിദ്യാർഥികൾക്കെതിരെ അക്രമം നടത്തിയ സംഭവത്തിൽ നേരത്തേ മുഖ്യമന്ത്രി അപലപിച്ചിരുന്നു.
Read More: ഡല്‍ഹി പൊലീസിനെ എനിക്ക് ഭയമില്ല; കേസെടുത്തിട്ടും വീര്യം ചോരാതെ ഐഷി
വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജവഹർലാൽ നെഹ്റു സർവകലാശാല ക്യാംപസിൽ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്. ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എബിവിപിക്കാർ തയ്യാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്തി സൂചിപ്പിക്കുന്നതാണെന്ന് പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാംപസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാംപസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണമെന്ന് പിണറായി ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി പറഞ്ഞിരുന്നു.
Read More: ക്യാംപസുകളില്‍ രക്തം വീഴ്ത്തുന്ന ആപത്കരമായ കളിയില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണം: പിണറായി
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ അക്രമ സംഭവങ്ങളുടെ പേരിൽ കേസെടുത്തിട്ടും വീര്യം ചോരാതെ ഉറച്ചു നിൽക്കുകയാണ് വിദ്യാർഥി യൂണിയൻ പ്രസിഡന്റും ഇടത് നേതാവുമായ ഐഷി ഘോഷി. ഡൽഹി പൊലീസിനെ തനിക്ക് ഭയമില്ലെന്ന് ഐഷി ഘോഷ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞു. ജെഎൻയുവിലെ പ്രശ്നങ്ങൾക്ക് കാരണക്കാരായ ഒൻപത് വിദ്യാർഥികളുടെ പേരുകൾ ഡൽഹി പൊലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. അതിൽ ഐഷിയുടെ പേരും ഉണ്ട്. അതിനു പിന്നാലെയാണ് ഡൽഹി പൊലീസിനെ താൻ ഭയപ്പെടുന്നില്ലെന്ന പ്രസ്താവനയുമായി ഐഷി ഘോഷ് രംഗത്തെത്തിയത്. താൻ ആക്രമിക്കപ്പെട്ട് എങ്ങനെയാണെന്നതിനു തെളിവുകളുണ്ടെന്നും തെറ്റ് ചെയ്യാത്തതിനാൽ തനിക്കു ആരെയും ഭയമില്ലെന്നും ഐഷി പറഞ്ഞിരുന്നു.
“ഡൽഹി പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാം. എനിക്കും തെളിവുകളുണ്ട് ഹാജരാക്കാൻ. ഞാൻ എങ്ങനെ ആക്രമിക്കപ്പെട്ടു എന്നതിന് എന്റെ കയ്യിൽ തെളിവുണ്ട്. എനിക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊതുമധ്യത്തിൽ അത് ഹാജരാക്കണം” ഡൽഹി പൊലീസിനെ വെല്ലുവിളിച്ച് ഐഷി പറഞ്ഞു.