തിരുവനന്തപുരം. പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്നു ജിഷ്ണുവിന്റെ അമ്മ മഹിജ. തന്നെ നിലത്തിട്ടു ചവിട്ടി വലിച്ചു. തന്‍റെ സഹോദരന്‍ ശ്രീജിത്തിനെയാണ് ആദ്യം മര്‍ദ്ദിച്ചത്.

പിന്നീട് തനിക്കു നേരെയും ബലപ്രയോഗം ഉണ്ടായി  എന്ന് ജിഷ്ണു പ്രണോയുടെ അമ്മ മഹിജ പറയുന്നു.
സംഭവത്തിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് മഹിജ.

മകന്‍റെ മരണത്തില്‍ നീതിതേടി ഡിജിപി ഓഫീസില്‍ പ്രതിഷേധവുമായി എത്തിയതായിരുന്നു മഹിജയും ഭര്‍ത്താവും സഹോദരനും അടങ്ങിയ സംഘം. ഡിജിപി യുടെ ഓഫീസില്‍ വച്ച് പറഞ്ഞുപോലും കേട്ടിട്ടില്ലാത്ത അനുഭവങ്ങള്‍ ആണ് മഹിജയെ തേടി എത്തിയത്.

ഡി ജി പി ഓഫീസിന്‍റെ മുന്നില്‍ സമരം ചെയ്യാന്‍ പറ്റില്ല. അത് പോലീസ് ആസ്ഥാനമാണ്‌ എന്ന് വ്യക്തമാക്കിയ പോലീസ് മഹിജയേയും ബന്ധുക്കളേയും ബലംപ്രയോഗിച്ചും വലിച്ചിഴച്ചും നീക്കുകയായിരുന്നു.

തനിക്ക് മ്യൂസിയം പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെ മര്‍ദ്ദനം ഏറ്റു എന്നു പറഞ്ഞുകൊണ്ട് ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്ത് നേരത്തെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വൈകിയാണ് ജിഷ്ണുവിന്‍റെ അമ്മ താനും മര്‍ദ്ദിക്കപ്പെട്ടിട്ടുണ്ട് എന്നു വെളിപ്പെടുത്തുന്നത്.

സംഭവത്തില്‍ പ്രതിഷേധവുമായി ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷനായ വി എസ് അച്യുതാനന്ദൻ മുതൽ സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുളളവർ എത്തി. വി എസ് നേരിട്ട് ഡി ജി പി യെ വിളിച്ചു ശകാരിച്ചിരുന്നു. തുടര്‍ന്ന് പ്രതിഷേധങ്ങളുടെ അലയടിക്കു തന്നെയാണ് കേരളം സാക്ഷ്യമായത്. വിവിധ രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും പ്രതിഷേധവുമായി മുന്നോട്ട് വന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

എന്നാല്‍ പോലീസിനെ സമര്‍ത്തിച്ചുകൊണ്ടുള്ള വാദവുമായാണ് അഭ്യന്തരം കൂടെ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നത്. ഇതില്‍ വെട്ടിലായിരിക്കുന്നത് സി പി എം നേതൃത്വവും അണികളും കൂടിയാണ്.

സർക്കാരിനെ തുപ്പാനാകാതെയും ജിഷ്ണുവിനെ ഇറക്കാനാവാതെയും ധർമ്മസങ്കടത്തിലായിരിക്കന്നത് സി പി എമ്മിന്റെ പോഷക സംഘടനകളാണ്.  പൊലീസിന്റെ അതിക്രമത്തിൽ എസ് എഫ് ഐയും ഡി വൈ എഫ് ഐ യും അടങ്ങുന്ന സി പി എം യുവസംഘടനകളും നേതാക്കളും ന്യായീകരിച്ചും മൗനം പാലിച്ചുമെല്ലാം അടവുനയങ്ങളെടുത്തിട്ടും അണികളുടെയും അഭ്യദയകാംക്ഷികളുടെയും എതിർപ്പ് ഏറ്റുവാങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് തിരഞ്ഞെടുപ്പ് കാലത്ത് പരസ്യമായി പിന്തുണച്ചവർ പോലും ഈ​ വിഷയത്തിൽ ഉന്നയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ