നാദാപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ശനിയാഴ്ച്ച മുഖ്യമന്ത്രിയെ കാണാനായിരുന്നു മഹിജയ്ക്ക് അനുമതി ലഭിച്ചിരുന്നത്. സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തു നേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഏറെ വേദനിപ്പിച്ചുവെന്ന് മഹിജ പറഞ്ഞു.
സഹോദരൻ ശ്രീജിത്തിനെതിരായ ആരോപണങ്ങളും തങ്ങളെ വേദനിപ്പിച്ചുവെന്നും മഹിജ കൂട്ടിച്ചേര്‍ത്തു. ഇക്കാരണത്താലാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച വേണ്ടെന്ന് വെച്ചതെന്നും മഹിജ പറഞ്ഞു. നിരാഹാര സമരം അവസാനിപ്പിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍പ്രകാരമായിരുന്നു മുഖ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് സൂചനകള്‍ നേരത്തേ മഹിജയും ശ്രീജിത്തും നല്‍കിയിരുന്നു. ആരോഗ്യസ്ഥിതി അനുകൂലമാണെങ്കില്‍ മുഖ്യമന്ത്രിയെ കാണാനെത്തുമെന്നാണ് ഇരുവരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ പ്രതിഷേധിച്ചാണ് കൂടിക്കാഴ്ച്ച റദ്ദാക്കിയത്.
സമരം കൊണ്ട് ജിഷ്ണുവിന്റെ കുടുംബം എന്ത് നേടി എന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചത്. എന്ത് നേടി എന്നത് ജനങ്ങള്‍ക്ക് അറിയാം എന്നായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. പ്രതിപക്ഷവും സിപിഐയും മുഖ്യമന്ത്രിയുടെ ചോദ്യത്തിനെതിരെ രംഗത്തെത്തി. സമരം കൊണ്ട് എന്തു നേടിയെന്നു പണ്ട് ചോദിച്ചത് മുതലാളിമാരാണെന്ന് കാനം രാജേന്ദ്രനും പറഞ്ഞു. ട്രേഡ് യൂണിയൻ സമരത്തിൽ തൊഴിലാളികളോട് പണ്ട് മുതലാളിമാർ ഇങ്ങനെ ചോദിച്ചിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.