/indian-express-malayalam/media/media_files/uploads/2017/04/pinarayi-mahija.jpg)
തിരുവനന്തപുരം: മകന്റെ ദുരൂഹമരണത്തിൽനീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും മകൾ അവിഷ്ണയും നടത്തി വന്ന നിരാഹാര സമരം പിൻവലിച്ചു. അവിഷ്ണയെ വടകര താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉദയഭാനു ഇടപെട്ട് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ ധാരണയത്. മുഖ്യമന്ത്രി മഹിജയുമായി ഫോണിൽ സംസാരിച്ചു.ഇതിനെ തുടർന്നാണ് സമരം പിൻവലിക്കുന്ന സാഹചര്യം രൂപപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച ഒത്തുതീർപ്പ് ചർച്ചയിൽ സമരം പിൻവലിക്കൽ പ്രഖ്യാപനം വന്നത് രാത്രി 9.15 ഓടെയാണ്. പത്ത് ഒത്തുതീർപ്പ് നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചിരിക്കുന്നത്. എസ് യു സി ഐ നേതാക്കളായ ഷാജർഖാനെയും മിനിയെയും ജയിൽ മോചിതരാക്കുന്നതുൾപ്പെടയുളള ധാരണയാണ് കരാറിലുളളതെന്ന് അറിയുന്നു.
മഹിജയെയും കുടുംബത്തെയും ആക്രമിച്ച പൊലീസുകാർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് മഹിജയ്ക്ക് ഫോണിലൂടെ മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ശ്രീജിത്ത് പറഞ്ഞു. "ഐ ജിയുടെ റിപ്പോർട്ടിനേക്കാൾ മുഖ്യമന്ത്രിയുടെ ഉറപ്പാണ് വലുത്. മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്തു. നാലാം പ്രതി പ്രവീണിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
ഷാജർഖാനെയും മിനിയെയും ഞങ്ങൾ വിളിച്ചിട്ട് വന്നതാണ് അവരെ ഇവിടെ ഉപേക്ഷിച്ച് പോകില്ല. ഷാജഹാനെയും വിശ്വഭദ്രാനന്ദയെയും തങ്ങൾ ക്ഷണിച്ചിട്ടില്ലെന്നും" ശ്രീജിത്ത് പറഞ്ഞു
"സി.പി ഉദയഭാനുവും സ്റ്റേറ്റ് അറ്റോണി കെ. വി. സോഹനും ഞങ്ങൾപൂർണമായും വിശ്വസിക്കുന്നവരാണ്. ഞങ്ങളുന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു എന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന്" ശ്രീജിത്ത് അറിയിച്ചു. സോഹൻ അവിഷ്ണയോട് ഫോണിൽ നിരാഹാരം നിർത്തണമെന്ന് അഭ്യർത്ഥിച്ചു. മഹിജ നിരാഹാരം അവസാനിപ്പിച്ച വിവരം അറിയിച്ചു. തുടർന്ന് അവിഷ്ണ നിരാഹാരം അവാസിനിപ്പിക്കണമെന്ന് ശ്രീജിത്തും ഫോണിലൂടെ ആവശ്യപ്പെട്ടു. 9.20 ന്അവിഷ്ണ വെള്ളം കുടിച്ച് നിരാഹാരം അവസാനിപ്പിച്ചു. "അമ്മ സമരം അവസാനിപ്പിച്ചതിനാൽ ഞാനും സമരം അവസാനിപ്പിക്കുകയാണെന്ന്" അവിഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
നീതി ആവശ്യപ്പെട്ട് ഡിജി പി ഓഫീസിന് മുന്നിലെത്തിയ മഹിജയെയും കുടുംബാംഗങ്ങളെയും റോഡിൽ വച്ച് പൊലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തു. ഇതേ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലായ മഹിജയും ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്തും മെഡിക്കൽ കോളജിൽ നിരാഹാരം ആരംഭിക്കുകയായിരുന്നു. നിരാഹാര സമരം അഞ്ച് ദിവസം പിന്നിടുമ്പോഴാണ് സമരം പിൻവലിക്കാൻ സാഹചര്യമൊരുങ്ങിയത്. ഇതേ സമയം മഹിജയുടെ മകൾ അവിഷ്ണ കോഴിക്കോട് വളയത്തെ വീട്ടിൽ നടത്തുന്ന നിരാഹാര സമരം തുടർന്നു. തിരുവനന്തപുരത്ത് നിന്നും സമരം പിൻവലിച്ചതായി ഔദ്യോഗിക പ്രഖ്യാപനംവന്നശേഷം മാത്രമേ സമരം പിൻവലിക്കുകയുളളൂവെന്നായിരുന്നു അവിഷ്ണയുടെ നിലപാട്. ഇതേതുടർന്നാണ് ഔദ്യോഗിക പ്രഖ്യാപനം ഫോണിലൂടെ അറിയുന്നതുവരെ അവിഷ്ണ തന്റെ നിരാഹാരം തുടർന്നത്. ശനിയാഴ്ച രാത്രി പൊലീസ് സംഘം വളയത്തെ വീട്ടിലെത്തി അവിഷ്ണയെ ആശുപത്രിയിലേയ്ക്ക് മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാർ തടഞ്ഞു. അവസാനം ഉത്തരമേഖലാ ഡി ജി പി രാജേഷ് ദിവാന് അവിഷ്ണയോടും അമ്മാവനോടും സംസാരിച്ച ശേഷം തിരികെ പോകേണ്ടി വന്നിരുന്നു. സോഹനും ശ്രീജിത്തും ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടർന്നാണ് അവിഷ്ണ നിരാഹാരം അവസാനിപ്പിച്ചത്.
/indian-express-malayalam/media/media_files/uploads/2017/04/avishna2.jpg)
ജിഷ്ണു മരിച്ച് 90 ദിവസം പിന്നിടുമ്പോഴാണ് നീതി തേടി അമ്മയുടെ കുടുംബാംഗങ്ങളും ഡി ജി പി ഓഫസിലെത്തുന്നത്. അന്നാണ് അനിഷ്ടസംഭവങ്ങൾ സംഭവിച്ചത്. ഇവർക്കു നേരെ പൊലീസ് അതിക്രമം നടന്നു. പക്ഷേ, മുഖ്യമന്ത്രി ആദ്യം തന്നെ പൊലീസിനെ ന്യായീകരിച്ചു. പിന്നീട് ഐ ജി അന്വേഷണം നടത്തിയ ശേഷം പൊലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് റിപ്പോർട്ട് നൽകി. എന്നാൽ കൺറ്റോൻമെന്റ് എ സി പിയും മ്യൂസിയം എസ് ഐ യും തങ്ങളെ മർദ്ദിച്ചതായി മഹിജയും ശ്രീജിത്തും പറഞ്ഞു.
തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നിൽ പൊലീസ് അതിക്രമം നടന്നതിന് തൊട്ട് പിന്നാലെ ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാൻ ക്രൈം ബ്രാഞ്ച് ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്ന് കേസിലെ മൂന്നാം പ്രതിയും നെഹ്റു കോളജിലെ വൈസ് പ്രിൻസിപ്പലുമായ എം. കെ. രത്നവേലിനെ കോയമ്പത്തൂരിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ പ്രവീണിനെ നാഗർകോവിലിൽ നിന്നും അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.
ഐ സി യുവിൽ എത്തി മഹിജയെ കണ്ട അഭിഭാഷകൻ ഉദയഭാനു മഹിജയും മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കാൻ വഴിയൊരുക്കി. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ കുറ്റക്കാർക്കെതിരായി നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയാതായി ബന്ധപ്പെട്ടവർ പറയുന്നു.
പൊലീസിനെ വെളള പൂശി സർക്കാരും പൊലീസും എടുത്ത നടപടികളെല്ലാം പിൻവലിക്കേണ്ടിവന്നത് നീതിയില്ലാതെ പിന്നോട്ടില്ലെന്ന ദൃഢനിശ്ചയത്തോടെയുളള അമ്മയുടെയും മകളുടെയും നിരാഹാര സമരത്തെ തുടർന്നാണ്. സമരത്തെ എതിർക്കുന്നത് പൊലീസും മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഒരുവിഭാഗവും മാത്രമായി മാറുകയും. മറ്റുളളവരെല്ലാം പൊലീസ് നടപടിയെ എതിർക്കുകയും ചെയ്ത സാഹചര്യം രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പിന് വിവിധ തലങ്ങളിൽ നിന്നും ഇടപെടലുണ്ടായി.
ഇന്ന് രാവിലെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മഹിജയെ ആശുപത്രിയിലെത്തി കാണുകയും പിന്നീട് പൊലീസ് നടപടി അനാവശ്യമാണെന്ന് പ്രസ്താവന നടത്തുകയും ഐ ജിയുടെ റിപ്പോർട്ടിനെ തളളിക്കളയും ചെയ്തിരുന്നു. ഈ സമയത്തും പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. മഹിജയ്ക്കും കുടുംബാംഗങ്ങൾക്കുമെതിരെ നടന്ന അതിക്രമത്തെ ഇടതുപക്ഷത്തെ പിന്തുണച്ചവരിൽ നിന്നുതന്നെ ശക്തമായ എതിർപ്പുയർന്നിരുന്നു. എൻ. എസ്. മാധവൻ, കവി സച്ചിദാനന്ദൻ, ടി എൻ ജോയി ഭരണപരിഷക്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യതാനന്ദൻ തുടങ്ങി നിരവിധയാളുകൾ പരസ്യമായ വിയോജിപ്പും വിമർശനവുമായി രംഗത്തെത്തിയിരുന്നു. എം എ ബേബി ആദ്യം ഫെയ്സ് ബുക്കിലൂടെ പൊലീസ് നടപടിയെ വിമർശിച്ചുവെങ്കിലും സ ി പി എം സംസ്ഥാന കമ്മിറ്റി പൊലീസ് നടപടിയെ ന്യായീകരിച്ചതോടെ ബേബി നിലപാട് മാറ്റി. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയനെ പിന്തുണച്ച് എത്തി. എന്നാൽ ഇന്ന് വൈകുന്നേരത്തോടെ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഇത്തരം നടപടികളിലൂടെയാണ് സമരം ഒത്തുതീർപ്പാക്കാനുളള വഴി ഒരുങ്ങിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.