തിരുവനന്തപുരം: ജിഷ്ണു പ്രണോയ് മരണവുമായി ബന്ധപ്പെട്ട കേസിൽ പത്രപരസ്യം നൽകിയ സർക്കാർ നിലപാടിനെ വിമർശിച്ച് അമ്മ മഹിജ രംഗത്ത്. സർക്കാർ ഞങ്ങളുടെ കൂടെയല്ലെന്നും ഇങ്ങിനെ പറയേണ്ടി വന്നതിൽ ഖേദമുണ്ടെന്നും മഹിജ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിഷയത്തിൽ സർക്കാർ പൊലീസ് നടപടികളെ ന്യായീകരിച്ച് പത്രപരസ്യം നൽകിയ സാഹചര്യത്തിലാണ് ഇതിനെതിരെ ജിഷ്ണുവിന്റെ അമ്മ നിലപാടെടുത്തത്. “കോടികൾ മുടക്കിയാണ് സർക്കാർ പരസ്യം നൽകിയത്. ഇത്തരമൊരു നടപടി സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതല്ല. ഗവൺമെന്റ് ഞങ്ങളെ വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവാണിത്” മഹിജ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് പ്രതികരിച്ചു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി മഹിജ നിരാഹാര സമരം ആരംഭിച്ചിട്ട് ഇന്ന് നാലാം ദിവസമാണ്. “പൊലീസ് നടപടികൾ ശരിയാണെന്നാണ് സർക്കാർ പറയുന്നത്. ഇത്രയും അടിയും പീഡനങ്ങളും ഞങ്ങൾക്കേറ്റിട്ടും അതെല്ലാം തെറ്റാണെന്നാണ് സർക്കാർ വാദം. ഇങ്ങിനെ സർക്കാർ പറയുമെന്ന് കരുതിയതല്ല” അവർ പറഞ്ഞു.

എന്നാൽ സർക്കാരിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന് തോന്നുമ്പോൾ പോലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് മഹിജ വ്യക്തമാക്കി. “ജിഷ്ണുവിന് നീതി ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകും. ആ തീരുമാനത്തിൽ മാറ്റമില്ല” അവർ പറഞ്ഞു.

മഹിജയ്ക്കൊപ്പം ഭർത്താവ് അശോകനും സഹോദരൻ ശ്രീജിത്തും തിരുവനന്തപുരത്തുള്ള മറ്റ് പന്ത്രണ്ട് പേരും നിരാഹാരം തുടരുന്നുണ്ട്. അതേസമയം വടകരയിൽ സമരം ചെയ്യുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ വെള്ളം പോലും കുടിക്കുന്നില്ല.

രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിച്ച അവിഷ്ണ “ജ്യേഷ്ഠന് നീതി കിട്ടാൻ വേണ്ടി മരിക്കാൻ വരെ തയ്യാറെന്ന്”പറഞ്ഞിരുന്നു.  പെൺകുട്ടിയെ പരിചരിക്കാൻ വൈദ്യസംഘത്തെ വീട്ടിൽ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട് ജില്ലാ കലക്ടർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ