പാലക്കാട്: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ കത്ത്. ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയിയുടെ അമ്മയാണ്, ഇപ്പോള്‍ നിങ്ങള്‍ എല്ലാവരുടേയും അമ്മ എന്ന് തുടങ്ങുന്ന കത്തില്‍ ജിഷ്ണു പ്രണോയ്ക്ക് എസ്എഫ്ഐയോട് ഉണ്ടായിരുന്ന സ്നേഹത്തെ പറ്റിയാണ് എഴുതിയിരിക്കുന്നത്. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായ നിതീഷ് നാരായണനാണ് കത്ത് ഫെയ്സ്ബുക്കിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
”ഞാന്‍ നിങ്ങളുടെ ജിഷ്ണു പ്രണോയിയുടെ അമ്മ. ഇപ്പോള്‍ നിങ്ങളുടെയെല്ലാം അമ്മ. എസ്എഫ്ഐ സംസ്ഥാന സമ്മേളനം കൊല്ലത്ത് വച്ച് നടക്കുന്നതായി അറിഞ്ഞതുമുതല്‍ ഇങ്ങനൊരു കുറിപ്പെഴുതണമെന്ന് തോന്നി. ഇത് അവന് സന്തോഷമാവും എന്നെനിക്ക് ഉറപ്പുണ്ട്. അവന് അത്രയേറെ ഇഷ്ടമാണ് നമ്മുടെ തൂവെള്ളക്കൊടിയും അതിന്റെ നടുവിലുള്ള രക്തനക്ഷത്രത്തെയും. അവന്റെ പഠനമുറിയില്‍ പോരാട്ടത്തിന്റെ വാക്കുകളും ചെഗുവേരയുടെ ചിത്രങ്ങളുമാണ് നിറയെ ഉള്ളത്. എസ്എഫ്ഐ സമ്മേളന പ്രതിനിധിയായതിന്റെ ടാഗ് ഇന്നും അവന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.” മഹിജ കത്തില്‍ പറയുന്നു.
‘സര്‍ഗാത്മകത പൂത്തുലയേണ്ട കലാലയങ്ങള്‍ കൊലായങ്ങളായി മാറുമ്പോള്‍ അവന് കൊളുത്തിവിട്ട തീപ്പന്തം നിങ്ങളേറ്റെടുത്തു. കേരളം കണ്ട വലിയ പോരാട്ടത്തിന് എസ്എഫ്ഐ നേതൃത്വം നല്കി. സ്വാശ്രയ കച്ചവടക്കാര്‍ വിറച്ചു. ഈ ലോകത്ത് ഒരമ്മക്കും സ്വന്തം മക്കള്‍ ചെയ്ത കര്‍മ്മങ്ങള്‍ക്ക് നന്ദി പറയേണ്ടിവന്നിട്ടില്ല. പക്ഷേ ഒരുപാട് ജിഷ്ണു പ്രണോയിമാര്‍ക്ക് എല്ലാമെല്ലാമായിത്തീര്ന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട മക്കളായ വിജിനും, ജെയ്ക്കിനും, എന്റെ മകന്റെ നീതിക്ക് വേണ്ടി പോരാടിയ ഓരോ എസ്എഫ്ഐക്കാര്‍ക്കും മനസ് നിറഞ്ഞ് നന്ദി പറയുന്നു.’ അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
‘അതെ, എന്റെ മകന് മരിച്ചിട്ടില്ല. അവന് നിങ്ങളിലൊരാളായി നിങ്ങള്‍ക്കൊപ്പമുണ്ട്. പൊരുതി മുന്നേറുന്ന ഓരോരുത്തരിലും ഞാന്‍ എന്റെ മകനെ കാണുന്നു. വിലങ്ങുകളില്ലാതെ വാ തുറക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു കലാലയം, അതായിരുന്നു നമ്മുടെ ജിഷ്ണുവിന്റെ സ്വപ്നം. അത് പൂവണിയാന്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാവണം. അതിന് ഈ സമ്മേളനം നമ്മള്‍ക്ക് ഊര്‍ജം പകരും. ഒരിക്കല്‍ കൂടി വിഷ്ണുവിന്റെ സഖാക്കള്‍ക്ക് വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നു. പഴയ എസ്എഫ്ഐക്കാരി എന്ന അഭിമാനത്തോടെ..’ എന്നു പറഞ്ഞാണ് കത്ത് അവര്‍ അവസാനിപ്പിക്കുന്നത്.
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയി കോളേജ് അധികാരികളുടെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നെഹ്റു കോളേജ് അടിച്ച് തകര്‍ത്തിരുന്നു