കോഴിക്കോട്: പമ്പാടി നെഹ്റു കോളേജിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയുടെ കുടുംബം നീതി തേടി സുപ്രീംകോടതിയിലേക്ക്. ജിഷ്ണുവിന്റെ മരണക്കേസിൽ പൊലീസ് ഒന്നാം പ്രതിയാക്കിയ കൃഷ്ണദാസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. കൃഷ്ണദാസിന്രെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും.

കേസിലെ പ്രതി നെഹ്റു കോളോജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ ഇനിയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഹൈക്കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെന്ന പരാതിയുമായാണ് ജിഷ്ണു പ്രണോയിയുടെ കുടുംബം ഒടുവില്‍ സുപ്രീംകോടതിയിലേക്ക് നീങ്ങുന്നത്. വ്യാഴാഴ്ചക്കുളളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. ഇതിന് പിന്നാലെയാവും ജിഷ്ണുവിന്‍റെ അമ്മ സ്വകാര്യം അന്യായം ഫയല്‍ചെയ്യുന്നത്.കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് മുന്‍പ് പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന ആക്ഷേപവും ഉന്നയിക്കും.

കഴിഞ്ഞ ദിവസമാണ് ജിഷ്ണുവിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടത്. കൃഷ്ണദാസിന്റെ മുൻകൂർ ജാമ്യത്തിന് എതിരെ അപ്പീൽ പോകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. കേസിൽ കുറ്റക്കാരായ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ