തൃശൂർ: കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത നെഹ്‌റു കോളേജ് വിദ്യാർഥി ജിഷ്‌ണു പ്രണോയിയെ കരുതിക്കൂട്ടി കുടുക്കിയതാണെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. ജിഷ്‌ണു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചെന്ന മാനേജ്മെന്റിന്റെ ആരോപണം പൊളിയാതിരിക്കാൻ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. മാനേജ്മെന്റിനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുളളത്.

കോപ്പിയടി കേസിൽ ജിഷ്‌ണുവിനെ മനപ്പൂർവ്വം പ്രതി ചേർക്കുകയായിരുന്നുവെന്നും ഇത് പ്രിൻസിപ്പാൾ എതിർത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. മനേജ്മെന്റിനെ വിമർശിച്ചതിനാണ് ജിഷ്‌ണുവിനെതിരെ പ്രതികാര നടപടിയെടുത്തത്. വൈസ് പ്രിൻസിപ്പാളും അധ്യാപകൻ പ്രവീണും ചേർന്നാണ് ജിഷ്‌ണുവിനെ കുടുക്കാൻ പദ്ധതി നടപ്പിലാക്കിയത്. ചെയർമാൻ പി. കൃഷ്‌ണദാസ് ആയിരുന്നു സംഭവങ്ങളുടെ സൂത്രധാരനെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

ജിഷ്ണു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്‌ണദാസ് ഒന്നാം പ്രതിയായും വൈസ് പ്രിൻസിപ്പാൾ, പിആർഒ എന്നിവരടക്കം 5 പേരെ പൊലീസ് പ്രതി ചേർത്തിരുന്നു. റിപ്പോർട്ട് വന്നപ്പോഴേക്കും ഇവരെല്ലാം ഒളിവിൽ പോയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ