തൃശൂർ: പാന്പാടി നെഹ്‌റു കോളജിൽ വിദ്യാർഥി സമരം അവസാനിച്ചു. ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിദ്യാർഥികൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചു. ഇതേത്തുടർന്നാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. കോളജ് വെളളിയാഴ്‌ച തുറക്കുമെന്ന് ജില്ലാ കലക്‌ടർ എ.കൗശിഗൻ അറിയിച്ചു. വിദ്യാർഥി യൂണിയനും പിടിഎ കമ്മിറ്റിയും പരാതി പരിഹാര സെല്ലും രൂപീകരിക്കാൻ തീരുമാനമായി.
കോളജിലെ വിദ്യാർഥി ജിഷ്‌ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ചെയർമാൻ പി.കൃഷ്‌ണദാസിനെ സ്ഥാനത്തു നിന്ന് നീക്കാനും ചുമതലകളിൽ നിന്ന് ഒഴിവാക്കാനും മാനേജ്‌മെന്റ് സമ്മതിച്ചു. പകരം ഡയറക്‌ടർ ബോർഡ് അംഗം പി.കൃഷ്‌ണകുമാർ ചുമതലയേൽക്കും. വൈസ് പ്രിൻസിപ്പൽ അടക്കമുളള പ്രതികളായ മറ്റ് നാലു പേരെയും കോളജിൽ കയറ്റേണ്ടതില്ലെന്നും അവരെ കോളജിലെ ഒരു കാര്യത്തിലും ഉൾക്കൊളളിക്കേണ്ടെന്നും ധാരണയായി. ചെയർമാനെ മാറ്റുന്നതുൾപ്പെടെ വിദ്യാർഥികളുടെ 16 ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ച യോഗത്തിൽ മാനേജ്മെന്റ് അംഗങ്ങൾ ധാരണാ പത്രത്തിൽ ഒപ്പുവച്ചു.
ഇന്റേണൽ മാർക്ക് അടക്കമുളളവ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കാനും പരാതിയുളളവർക്ക് പരാതി പരിഹാര സെല്ലിലോ വിദ്യാഭ്യാസ മന്ത്രിക്കോ നേരിട്ട് പരാതി നൽകാനുളള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയും തൃശൂർ റൂറൽ എസ്‌പിയും ഉൾപ്പെടുന്ന ഒരു കോളജ് പീസ് കമ്മിറ്റിയും പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായി രൂപീകരിച്ചിട്ടുണ്ട്.
അതിനിടെ നെഹ്‌റു കോളജിനെതിരെ വനംവകുപ്പ് കോടതിയെ സമീപിക്കും. കോളജ് അനധികൃതമായി കൈവശം വച്ച ഒന്നരയേക്കറോളം ഭൂമി തിരിച്ചുപിടിക്കാനാണ് ഇത്. കോളജിന്റെ ടെന്നീസ് കോർട്ട് ഉടനെ പൊളിച്ച് നീക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. തൃശൂർ ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചു.