തൃശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫിസിൽ കൃഷ്ണദാസിനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. മുൻകൂർ ജാമ്യമുളളതിനാൽ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയ്ക്കുകയാണ് ഉണ്ടായത്. അന്വേഷണത്തോട് സഹകരിക്കുമെന്ന മുൻകൂർ ജാമ്യഹർജിയിൽ കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ ബുധനാഴ്ച തിരുവനന്തപുരത്ത് ഡി ജി പി ഓഫീസിന് മുന്നിൽ സമരം ആരംഭിക്കുമെന്ന് അറിയിച്ചു. സമരം അട്ടിമറിക്കാൻ നടത്തിയ നാടകമാണ് ഇന്നത്തെ അറസ്റ്റെന്ന് അവർ ആരോപിച്ചു.

തൃശൂർ പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ പി.കൃഷ്ണദാസിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മുൻകൂർ ജാമ്യം നൽകരുതെന്ന സർക്കാരിന്റെ ആവശ്യം തളളിക്കൊണ്ടാണ് കോടതി ജാമ്യം നൽകിയത്. കൃഷ്ണദാസിനെതിരെ പ്രധാന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. കൃഷ്ണദാസിനെതിര പ്രേരണാകുറ്റം തെളിയിക്കുന്നതിനാവശ്യമായ തെളിവുകളൊന്നും കേസ് ഡയറിയിൽനിന്നും കിട്ടിയില്ല. ജിഷ്ണുവിന്റെ കയ്യിൽനിന്ന് കോളജ് അധികൃതർ വെളളക്കടലാസിൽ ഒപ്പിട്ടു വാങ്ങിയെന്നത് കൃഷ്ണദാസിനെതിരായ തെളിവല്ലെന്നും കോടതി വ്യക്തമാക്കി.

കൃഷ്ണദാസിനു ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കൃഷ്ണദാസിനു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ