/indian-express-malayalam/media/media_files/uploads/2017/04/mahija-5.jpg)
തിരുവനന്തപുരം: മഹിജയ്ക്കൊപ്പം ഡിജിപി ഓഫിസിനു മുന്നിൽ സമരത്തിനെത്തിയതിന്റെ പേരിൽ അറസ്റ്റിലായ അഞ്ചുപേർക്കും ജാമ്യം അനുവദിച്ചു. പൊതുപ്രവർത്തകൻ കെ.എം.ഷാജഹാൻ, മിനി, ഷാജർഖാൻ, ശ്രീകുമാർ, ഹിമവൽ ഭദ്രാനന്ദ എന്നിവർക്കാണ് ജാമ്യം നൽകിയത്. ഇവരിൽ ഷാജഹാൻ ഒഴികെയുള്ളവരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഷാജഹാന്റെ കസ്റ്റഡി അപേക്ഷ കോടതി തളളിയിരുന്നു. ഷാജഹാനെ ജയിലിൽ ഒരു മണിക്കൂർ ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകി. ആവശ്യമെങ്കിൽ ചോദ്യം ചെയ്യലിന് കൂടുതൽ സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു.
ജിഷ്ണുവിന്റെ കുടുംബം ഡിജിപി ഓഫിസിനു മുന്നിൽ സമരത്തിനെത്തിയപ്പോഴാണു ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സമരത്തിൽ തള്ളിക്കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ഷാജഹാൻ അടക്കമുള്ള പൊതുപ്രവർത്തകരെ ജാമ്യമില്ലാ വകുപ്പു ചുമത്തി ജയിലിൽ അടച്ചത്. ഇതിനെതിരെ ഷാജഹാന്റെ അമ്മ എൽ.തങ്കമ്മ ഉള്ളൂർ സിഡിഎസിനു സമീപത്തെ വീട്ടിൽ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഷാജഹാന്റെ അറസ്റ്റിനു പിന്നിൽ പിണറായി വിജയന്റെ പകപോക്കലാണെന്നു തങ്കമ്മ ആരോപിക്കുകയും ചെയ്തു.
ലാവ്‌ലിൻ കേസിൽ താൻ നടത്തിയ ഇടപെടലിലെ വൈരാഗ്യം മൂലമാണ് പൊലീസ് എന്നെ അറസ്റ്റ് ചെയ്തതെന്നും തന്റെ അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂവെന്നും ഷാജഹാനും പറഞ്ഞിരുന്നു. എല്‍എല്‍ബി പരീക്ഷ എഴുതാൻ ലോ അക്കാദമിയിൽ എത്തിയപ്പോഴായിരുന്നു ഷാജഹാന്റെ പ്രതികരണം. സമരവുമായി ഒരു ബന്ധവുമില്ലെന്നും ഡിജിപിയെ കാണാൻ വന്നതാണ് എന്നുമാണു ഹിമവൽ ഭദ്രാദന്ദയുടെ നിലപാട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.