/indian-express-malayalam/media/media_files/uploads/2017/04/jishnu-sreejith.jpg)
തിരുവനന്തപുരം: സമാധാനപരമായി നടത്താൻ ഉദ്ദേശിച്ച സമരത്തെ അക്രമ സമരമാക്കി മാറ്റിയത് പൊലീസാണെന്ന് ജിഷ്ണുവിന്രെ അമ്മാവൻ ശ്രീജിത്ത്. ഇതിനു പിന്നിലുണ്ടായത് പൊലീസിന്റെ ഗൂഢാലോചനയാണ്. ഞാനുൾപ്പെടെയുളള കുടുംബാംഗങ്ങൾ ചവിട്ടി മെതിക്കപ്പെട്ടാണ് ആശുപത്രിയിലെത്തിയത്. ജിഷ്ണുവിനു നീതി കിട്ടാനുളള പോരാട്ടത്തിൽ ചില സമയത്ത് ഒറ്റപ്പെട്ടുപോകുന്നതായി തോന്നി. എന്നാൽ കാനം രാജേന്ദ്രന്റെ സന്ദർശനവും ഞാൻ വിശ്വസിക്കുന്ന പാർട്ടിയിലെ സമുന്നതരുടെ ഇടപെടലും മരുഭൂമിയിൽ മഴ പെയ്യുന്നതു പോലുളള അനുഭൂതിയാണുണ്ടാക്കിയത്. അതുകൊണ്ടുന്നെ വലിയ പ്രതീക്ഷയും വിശ്വാസവുമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. എനിക്കെതിരെ കേസെടുക്കാൻ പൊലീസ് ഗൂഢാലോചന നടക്കുന്നതായി ചില സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു നീക്കവും ഉണ്ടാകില്ലെന്നു കാനം ഉറപ്പു നൽകിയതായും ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഒത്തുതീർക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. അദ്ദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി ജിഷ്ണുവിന്റ അമ്മ മഹിജയെ കണ്ടിരുന്നു. മഹിജയുടെ സമരം ഉടൻ തീരുമെന്നും ഇപ്പോൾ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കാനം അതിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. മഹിജയുടെ പരാതികൾക്ക് എല്ലാം പരിഹാരം കാണുമെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും കാനം പറഞ്ഞിരുന്നു.
സുഗതകുമാരി, ഗാന്ധിയൻ ഗോപിനാഥൻ നായർ, ബിഷപ് സൂസൈപാക്യം എന്നിവരും ഇന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണും. പ്രശ്നപരിഹാരത്തിനായുളള ഭാഗമായാണ് ഈ കൂടിക്കാഴ്ച. സർക്കാർ തലത്തിലും പ്രശ്നം പരിഹരിക്കുന്നതിന് ഇവരുടെ ഭാഗത്തുനിന്നും ഇടപെടൽ നടക്കുന്നു.
ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ പിടികൂടണമെന്നും തങ്ങളോട് അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ജിഷ്ണുവിന്റെ കുടുംബം. ഈ ആവശ്യവുമായി ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരാഹാര സമരത്തിലാണ്. ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയും കോഴിക്കോട് വളയത്തെ വീട്ടിൽ നിരാഹാര സമരം തുടരുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.