/indian-express-malayalam/media/media_files/uploads/2017/01/pinarayi-vijayan-01250117.jpg)
കൊച്ചി: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്‌ണുവിന്രെ മരണം സംബന്ധിച്ച് മാതാവ് മഹിജ അശോകൻ നൽകിയ പരാതിയിൽ സത്വരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ജിഷ്‌ണുവിന്റെ അമ്മ തുറന്ന കത്തെഴുതിയിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് പിണറായിയുടെ മറുപടി. മഹിജയുടെ പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പടുത്തുവാനും വേണ്ട നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കുവാനും പൊലീസ് മോധാവിയോട് ആവശ്യപ്പെട്ടിരുന്നെന്ന് പിണറായി ഫെയ്‌സ്ബുക്കിൽ പ്രതികരിച്ചു.
ജിഷ്‌ണുവിന്രെ കുടുംബത്തോടു സര്‍ക്കാര്‍ അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചതെന്നും 10 ലക്ഷം രൂപ ധനസഹായം കുടുംബത്തിന് സർക്കാർ നൽകിയെന്നും പിണറായി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പൊലീസ് മേധാവിയാണ് പരാതിക്കാരിക്ക് മറുപടി നല്‍കേണ്ടതെന്നും പിണറായി കൂട്ടിച്ചേർത്തു. ജിഷ്‌ണുവിന്റെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പോലും അനുശോചനം അറിയിച്ചില്ലെന്ന് ജിഷ്‌ണുവിന്റെ അമ്മ കത്തിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. മൂന്ന് തവണ കത്ത് നൽകിയിട്ടും മറുപടി ലഭിച്ചിരുന്നില്ലെന്നും മഹിജ കത്തിലൂടെ കുറ്റപ്പെടുത്തിയിരുന്നു.
പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പാമ്പാടി നെഹ്റു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്‌ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയിരുന്ന പരാതിയിന്മേല്‍ സത്വരനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതി ലഭിച്ചയുടന്‍ അന്വേഷണം ഊര്‍ജ്ജിതപ്പടുത്തുവാനും വേണ്ട നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കുവാനും പോലീസ് മോധാവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല വിദ്യാഭ്യാസ മന്ത്രിക്കു നല്‍കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍പ്പെടുത്താനും പോലീസു മേധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
ജിഷ്‌ണുവിന്റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവപൂര്‍ണമായ നടപടികളാണു സ്വീകരിച്ചത്. ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രണ്ടുദിവസത്തിനകം എക്സൈസ് വകുപ്പു മന്ത്രി ശ്രീ. ടി.പി. രാമകൃഷ്ണന്‍ നേരിട്ടെത്തി ജിഷ്ണുവിന്റെ കുടുംബത്തിനു സഹായധനം കൈമാറി.
അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പോലീസു മേധാവിയാണ് പരാതിക്കാരിക്കു മറുപടി നല്‍കേണ്ടത്. ഈ വിഷയം സംബന്ധിച്ച് കത്തു നല്‍കിയ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.