/indian-express-malayalam/media/media_files/uploads/2017/04/mahija-3.jpg)
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ആരോഗ്യനില മോശമായി. മഹിജയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ട്രിപ്പും നാരങ്ങാനീരും ഉൾപ്പെടെയുളളവ നിഷേധിച്ച് മഹിജ ഇന്ന് നിരാഹാര സമരം ശക്തമാക്കിയിരുന്നു. തൈറോയിഡ്, രക്ത സമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളാണ് മഹിജ.
ജിഷ്ണു പ്രണോയിയുടെ മരണത്തിനു കാരണക്കാരായവരെ പിടികൂടണമെന്നും തങ്ങളോട് അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ജിഷ്ണുവിന്റെ കുടുംബം. ഈ ആവശ്യവുമായി ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരാഹാര സമരത്തിലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിൽ സന്ദർശിച്ചു ചർച്ച നടത്തിയെങ്കിലും അവർ വഴങ്ങിയില്ല. ജിഷ്ണുവിന്റെ മരണത്തിനു കാരണക്കാരായവരെ പിടികൂടുക, ഡിജിപിയോടു പരാതി പറയാനെത്തിയ തങ്ങളെ അപമാനിച്ച കന്റോൺമെന്റ് എസി: കെ.ഇ.ബൈജു, മ്യൂസിയം എസ്ഐ: സുനിൽ എന്നിവർക്കെതിരെ നടപടി തുടങ്ങിയ ആവശ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നാണ് മഹിജയും ബന്ധുക്കളും വ്യക്തമാക്കിയത്.
അതേസമയം, ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാര സമരം മൂന്നാം ദിവസവും തുടരുകയാണ്. ആരോഗ്യനില മോശമായതിനെത്തുടർന്ന് നാദാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നുളള മെഡിക്കൽ സംഘമെത്തി അവിഷ്ണയ്ക്ക് ട്രിപ് നൽകി. ജിഷ്ണുവിനായി മരിക്കാനും തയാറാണെന്നും സമര രംഗത്തുനിന്ന് പിന്രമാറില്ലെന്നുമുളള നിലപാടിലാണ് അവിഷ്ണ. ബല പ്രയോഗം നടത്തി അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനം. ജില്ലാ കലക്ടറും ഈ നിർദേശമാണ് പൊലീസിന് നൽകിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.