ഇരട്ട ചങ്കുളള ജനനേതാവ് പിണറായി വിജയനെയോർത്ത് അഭിമാനം കൊണ്ടിരുന്ന ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കൾക്കുനേരെയാണ് ഇന്ന് തലസ്ഥാന നഗരിയിൽ പൊലീസിന്റെ ക്രൂരമായ അക്രമം ഉണ്ടായത്. ജിഷ്ണുവിന്റെ അമ്മ മഹിജ ഉൾപ്പെടെയുളള കുടുംബാംഗങ്ങൾക്കുനേരെ പൊലീസ് നടത്തിയ ക്രൂരതയിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി പിണറായിക്ക് മിണ്ടാതിരിക്കാൻ ആവില്ല. കാരണം പിണറായി എന്ന നേതാവിനെ എന്നും നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന വിദ്യാർഥിയാണ് ജിഷ്ണു പ്രണോയി. ജിഷ്ണു ഒരിക്കൽ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകൾ ഇതിനു തെളിവാണ്.

പിണറായിയെന്നു
കേൾക്കുമ്പോൾ
ചിലർ അഭിമാനിക്കും…
ചിലർ ഭയക്കും…
ചിലരു കെടന്നു മോങ്ങും…
ചിലരു ചൊറിഞ്ഞു കൊണ്ടേയിരിക്കും…
അവഗണിച്ചേക്കുക….
അഭിമാനം കൊള്ളുന്നു
ഇരട്ട ചങ്കുള്ള
ഈ ജനനേതാവിനെയോർത്ത്‌..
ലാൽസലാം……

ജിഷ്ണു 2016 മെയ് ഒന്നിനു പോസ്റ്റ് ചെയ്ത കുറിപ്പ് ഈ അവസരത്തിൽ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് പിണറായി വിജയൻ ഈ സത്യം മനസ്സിലാക്കാൻ കൂടി വേണ്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പിണറായി വിജയനെയും സ്നേഹിച്ചിരുന്ന ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട ധാർമികത കുടുംബത്തിനെപ്പോലെ തന്നെ പിണറായി വിജയനുമില്ലേയെന്നു ഈ കുറിപ്പ് വായിക്കുന്ന ഏതൊരാൾക്കും തോന്നും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മറ്റേതൊരു നേതാവിനെക്കാളും പിണറായിയെ ജിഷ്ണു ആദരിച്ചിരുന്നു, ബഹുമാനിച്ചിരുന്നു. പക്ഷേ എന്നിട്ടും ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാൻ പിണറായി സർക്കാരിനു കഴിഞ്ഞില്ല. പകരം നീതിക്കുവേണ്ടി പോരാടുന്ന ജിഷ്ണുവിന്റെ കുടുംബത്തോട് പരാക്രമം കാട്ടുക മാത്രമാണ് ചെയ്തത്.

ജീവനു തുല്യം സ്നേഹിച്ച സ്വന്തം മകനെ നഷ്ടമായ ഒരമ്മയോടാണ് പിണറായി വിജയൻ നിലയ്ക്കുനിർത്തേണ്ട പൊലീസ് ക്രൂരമായി പെരുമാറിയത്. സമാധാനപരമായി സമരം ചെയ്യാനെത്തിയ ആ അമ്മയെ പൊലീസ് റോഡിൽ വലിച്ചിഴച്ചു. അലറിക്കരഞ്ഞിട്ടും അവരെ വിട്ടില്ല. ബലം പ്രയോഗിച്ച് പൊലീസ് വാനിൽ കയറ്റി. ഭരണകൂടത്തിൽനിന്നും നീതി കിട്ടിയില്ലെങ്കിൽ പിന്നെ ഏതമ്മയാണ് നീതി തേടി തെരുവിലിറങ്ങാതിരിക്കുക. ജിഷ്ണുവിന്റെ അമ്മയും അതു മാത്രമേ ചെയ്തുളളൂ.

മകനു നീതി കിട്ടാനായി മാസങ്ങളായി പോരാടിയിട്ടും ഫലം കാണാതെ വന്നതോടെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബാംഗങ്ങളും തലസ്ഥാനത്തെത്തിയത്. പക്ഷേ ഇവിടെനിന്നും മഹിജയ്ക്ക് കിട്ടിയത് നീതിയല്ല, പകരം അനീതിയാണ്. പൊലീസിന്റെ ഈ നടപടിയെ എന്തൊക്കെ വാദങ്ങൾ നിരത്തിയാലും പിണറായിക്ക് ന്യായീകരിക്കാനാവില്ല. ജിഷ്ണുവിന്റെ കുടുംബത്തോട് മാത്രമല്ല, കേരള ജനതയോട് കൂടിയായിരിക്കും പിണറായി ഇതിനു മറുപടി പറയേണ്ടി വരിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ