തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദം കത്തി നിൽക്കുന്നതിനിടെ നാട്ടുകാരും നിരാഹാര  സമരവുമായി മുന്നോട്ട് വന്നു. വടകരയിൽ ജിഷ്ണുവിന്റെ വീടിന് പുറത്ത് അമ്പതിലധികം പേർ ഇന്ന് മുതൽ നിരാഹാരം അനുഷ്ഠിക്കുമെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത് പൊലീസും സർക്കാരും കടുത്ത സമ്മർദ്ദത്തിലായി.

തിരുവനന്തപുരത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനും അടക്കം 15 പേർ മെഡിക്കൽ കോളേജിലും സമീപത്തുമായി ഭക്ഷണം കഴിക്കാതെ തുടരുന്നതിനിടയിലാണ് ഈ സമരവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ അച്ഛനും അമ്മയും മടങ്ങിവരും വരെ ഭക്ഷണം കഴിക്കില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നാട്ടുകാരും സിപിഎം പ്രവർത്തകരുമായ കൂടുതൽ പേർ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്.

ജിഷ്ണുകേസിലെ പ്രതികളെ മൂന്ന് മാസം പിന്നിട്ടിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്തെത്തിയ അമ്മയ്ക്കും കുടുംബാഗങ്ങൾക്കുമെതിരെ പൊലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് മകൾ അവിഷ്ണ നിരാഹാരം ആരഭിച്ചത്. കോഴിക്കോട് വളയത്തെ വീട്ടിലാണ് അവിഷ്ണ നിരാഹാരമിരിക്കുന്നത്. അമ്മ മടങ്ങിവരും വരെ സമരം എന്നാണ് മകളുടെ നിലപാട്.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരയാവരെ നീതി പീഠത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ജിഷ്ണുവിന് നീതി ലഭ്യമാക്കണമെന്നുമാണ് എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് എല്ലാവരും ഒരേ സ്വരത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിരാഹാരസമരത്തിനായി പോയ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരായ പൊലീസ് നടപടിക്കു ശേഷമാണ് നിരാഹാരമിരിക്കാൻ അവിഷ്ണ തീരുമാനിച്ചത്. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം തലസ്ഥാനത്ത് സമരം ചെയ്യാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, മുത്തശ്ശി വീട്ടിൽ തനിച്ചായതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

നീതി കിട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ കുടുംബം. ഇന്നലെ സമരത്തിനിടെ പൊലീസ് അക്രമത്തെ തുടർന്ന് കുഴഞ്ഞു വീണ മഹിജയെ പേരൂര്‍ക്കട ആശുപതിയിലും പിന്നീട് മെ‍ഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ