കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം കത്തിപ്പടരുന്നതിനിടെ പൊലീസ് നടപടികൾ ന്യായീകരിച്ച് സംസ്ഥാന സർക്കാരിന്റെ പത്രപരസ്യം. ഇതിൽ സർക്കാർ നടപടികൾ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്.

സംസ്ഥാന സർക്കാരിന് എതിരായി സിപിഎം പാർട്ടി പ്രവർത്തകരിൽ നിന്ന് പോലും രൂക്ഷമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പരസ്യത്തിലൂടെ പൊലീസ് നടപടിയെ സർക്കാർ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് നൽകിയ പരസ്യത്തിൽ സത്യങ്ങളെല്ലാം തമസ്കരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു.

ആത്മഹത്യ പ്രേരണ, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റം ചുമത്തി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസടക്കം അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് പരസ്യത്തിൽ പറയുന്നു.

എല്ലാ ശാസ്ത്രീയ മാാർഗ്ഗങ്ങളും ഉപയോഗിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതെന്നും ജിഷ്ണുവിന്റെ അമ്മയടക്കം കുടുംബാംഗങ്ങളെല്ലാം ഇതിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും പരസ്യത്തിൽ പറയുന്നു. അതേസമയം കേസിൽ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ സംബന്ധിച്ച് സാഹചര്യത്തെളിവുകൾ മാത്രമേ ഉള്ളൂവെന്നും പരസ്യത്തിൽ സർക്കാർ വ്യക്തമാക്കുന്നുണ്ട്.

പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ പോകുന്നത് ഇത്തരം കേസിൽ ആദ്യമായാണ്.

മുൻകൂർ ജാമ്യം നേടിയ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെയും കോൺഗ്രസ് നേതാവ് കെ.പി.വിശ്വനാഥിന്റെ മകൻ സഞ്ജിത്ത് വിശ്വനാഥനെയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നു.

സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥി പീഡനങ്ങൾ സംബന്ധിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന്, ഇവർ സ്ഥിതിഗതികൾ പഠിച്ച് പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കുമെന്നും പരസ്യം വ്യക്തമാക്കുന്നു.

ജിഷ്ണുവുമായി ബന്ധമില്ലാത്ത വലിയൊരു സംഘം ഡിജിപി ഓഫീസിന് മുന്നിൽ ജിഷ്ണുവിന്റെ ബന്ധുക്കൾക്ക് ഒപ്പം എത്തിയിരുന്നു. ഇതിനാലാണ് പൊലീസ് അകത്തേക്ക് പ്രവേശനം നൽകാതിരുന്നത്. മഹിജയെയോ മറ്റ് കുടുംബാംഗങ്ങളെയോ പൊലീസ് ആക്രമിച്ചിട്ടില്ല. ഇത്തരം പ്രസ്താവനകൾ തെറ്റാണ്.

പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ബന്ധുക്കളായ ആർക്കെതിരെയും കേസെടുത്തിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്തിട്ടുമില്ല.

മകൻ നഷ്ടപ്പെട്ടത് മൂലം കണ്ണീരിലായ ഒരു കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും ജിഷ്ണുവിന്റെ കേസ് നിഷ്‌പക്ഷമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുമെന്നും പരസ്യത്തിൽ വ്യക്തമാക്കുന്നു.

ജിഷ്ണുവിന്റെ കുടുംബത്തിന് ധനസഹായം നൽകിയതുൾപ്പടെയുള്ള നടപടികൾ ആ കുടുംബത്തിന്റെ വേദന മനസിലാക്കിയാണ് സർക്കാർ കൈക്കൊണ്ടതെന്ന് പറഞ്ഞാണ് പരസ്യം  അവസാനിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.