തൃശൂർ: പാമ്പാടി നെഹ്റു കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിനകത്ത് ശുചിമുറിയിൽ ജിഷ്ണു പ്രണോയിയെ മരിച്ച നിലയിൽ കണ്ടെത്തിയിട്ട് ഇന്ന് ഒരു വർഷം. 2017 ജനുവരി ആറിനാണ് തൂങ്ങിമരിച്ച നിലയിൽ ജിഷ്ണുവിനെ ഹോസ്റ്റൽ മുറിക്കകത്തെ ശുചിമുറിയിൽ കണ്ടെത്തിയത്.

പരീക്ഷാ ഹാളിൽ നിന്നും കോപ്പിയടിച്ചെന്ന് ആരോപിച്ച് എക്സാമിനർ കൂട്ടിക്കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് സഹപാഠികൾ കണ്ടത് തൂങ്ങിമരിച്ച നിലയിലാണ്. വിദ്യാർഥികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടർന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണം ശക്തിപ്പെട്ടു. നെഹ്റു കോളേജിനകത്തെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകൾക്കിടയാക്കിയതോടെ സംസ്ഥാനമൊട്ടുക്ക് വിദ്യാർത്ഥി പ്രക്ഷോഭം അരങ്ങേറി.

എസ്എഫ്ഐ പാമ്പാടി നെഹ്റു കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതോടെ കോളേജ് അടിച്ചുതകർക്കപ്പെട്ടു. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള നെഹ്റു കോളേജിന്റെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി.

നെഹ്റു കോളജ് അടിച്ചു തകർക്കപ്പെട്ടതോടെ അനിശ്ചിത കാലത്തേക്കു കോളജ് അടച്ചു. ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയവരെ അറസ്റ്റു ചെയ്യണമെന്നും കുറ്റാരോപിതരായവരെ കോളജിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥി–യുവജനപ്രസ്ഥാനങ്ങൾ സമരം ശക്തമാക്കി. ജില്ല കലക്ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ജിഷ്ണുവിന്റെ മരണം വിശദമായി അന്വേഷിക്കാൻ തീരുമാനമായത്.

എന്നാൽ നെഹ്റു കോളേജ് അധികൃതർക്കെതിരെ പൊലീസ് നടപടിയെടുക്കാൻ മടിച്ചതോടെ ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനും സമര രംഗത്തിറങ്ങി. ഡിജിപിയെ കാണാൻ തിരുവനന്തപുരത്തെത്തിയ ഇവരെ പൊലീസ് തടയുകയും മർദ്ദിക്കുകയും ചെയ്തതോടെ കേരളം ഒന്നടങ്കം സംസ്ഥാന സർക്കാരിന് എതിരായി.

ഇതേ തുടർന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ കേസ് ഏറ്റെടുക്കാൻ സാധിക്കില്ലെന്നായിരുന്നു സിബിഐയുടെ മറുപടി. പിന്നീട് സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

ഇന്നലെ പാമ്പാടി നെഹ്റു കോളേജിൽ എസ്എഫ്ഐ ജിഷ്ണു പ്രണോയ് അനുസ്‌മരണം നടത്തി. ജിഷ്ണുവിന്റെ അച്ഛൻ അശോകൻ പരിപാടിയിൽ പങ്കെടുത്തു. ഇന്ന് ജിഷ്ണുവിന്റെ ജന്മനാടായ വടകരയിലും അനുസ്മരണ പരിപാടികൾ നടക്കുന്നുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പരിപാടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ