മലപ്പുറം: ജിഷ്ണു കേസിൽ നിലപാട് വ്യക്തമാക്കി സിപിഐ. ജനവികാരം ചർച്ച ചെയ്യാനുളള ധാർമികത ഇടതുപക്ഷത്തിനുണ്ടെന്ന് പന്ന്യൻ രവീന്ദ്രൻ. ഇടതുപക്ഷം ജനപക്ഷമാണ്. ഓരോ കക്ഷിക്കും ഇക്കാര്യത്തിൽ അഭിപ്രായമുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് മുന്നണി ഇക്കാര്യം ചർച്ച ചെയ്യുമെന്നും പന്ന്യൻ പറഞ്ഞു.
മഹിജയ്ക്കെതിരായ പൊലീസ് നടപടി അനാവശ്യമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. മെഡിക്കൽ കോളജിലെത്തി നിരാഹാരം കിടക്കുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ കണ്ട ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നപരിഹാരത്തിനായി കാനത്തിന്റെ ശ്രമങ്ങൾ തുടരുകയാണ്. പൊലീസിന്റെ എല്ലാ റിപ്പോർട്ടും സ്വയം ന്യായീകരിച്ചായിരിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.പ്രശ്നം പരിഹരിക്കുന്നതിനായി കാനം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചിരുന്നു.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെയുണ്ടായ പൊലീസ് നടപടിയെ നേരത്തെയും കാനം വിമർശിച്ചിരുന്നു. രാഷ്ട്രീയ യുദ്ധത്തിനിടെയുള്ള പൊലീസ് നടപടി സർക്കാരിന്റെ മാനം കെടുത്തുന്നതാണ്. ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെയുള്ള പൊലീസ് നടപടി നിർഭാഗ്യകരമാണ്. ജിഷ്ണുവിന്റെ കുടുംബത്തെ ഡിജിപി ഇറങ്ങിച്ചെന്നു സ്വീകരിച്ചിരുന്നെങ്കിൽ ഇപ്പോൾ വിമർശിക്കുന്നവർ പ്രശംസിക്കുമായിരുന്നുവെന്നും കാനം പറഞ്ഞിരുന്നു. സാമാന്യയുക്തി ഉപയോഗിച്ച് പൊലീസും ഡിജിപിയും പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ സംഭവം ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധന നടത്തി സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.