ദില്ലി: ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി എന്നിവരുമായി ബന്ധപ്പെട്ട കേസുകളിൽ ഒരു വർഷത്തോളമായി കേരളത്തിന് പുറത്ത് കഴിയുകയായിരുന്ന നെഹ്റു ഗ്രൂപ്പ് ചെയര്മാൻ പി കൃഷ്ണദാസിന് അനുകൂലമായി സുപ്രീം കോടതി വിധി. കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്ന നിബന്ധനയോടെ ഇദ്ദേഹത്തിന് കേരളത്തിൽ താമസിക്കാൻ കോടതി അനുവദിച്ചു. വിധിക്കെതിരെ അപ്പീൽ പോകാനാണ് ജിഷ്ണു പ്രണോയുടെ കുടുംബം തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട്ടെ തന്റെ വീട്ടിലേക്ക് ഒരു വർഷമായി പോകാൻ സാധിച്ചിട്ടില്ലെന്ന കൃഷ്ണദാസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. 2017 നവംബറിലാണ് ഇയാൾക്ക് വിലക്കേർപ്പെടുത്തിയത്. കേസിലെ സാക്ഷികളെ സ്വാധീനിക്കുകയോ, വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്താൽ പ്രോസിക്യൂഷന് വീണ്ടും കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരി ആറിനാണ് ജിഷ്ണുവിനെ തന്റെ ഹോസ്റ്റലിലെ കുളിമറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസ് ഇപ്പോൾ സിബിഐ ആണ് അന്വേഷിക്കുന്നത്. ജിഷ്ണുവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിട്ടുണ്ട്.