കൊച്ചി: ജിഷ്ണുക്കേസിലെ മുഖ്യപ്രതികളായ ശക്തിവേലിനും സി.പി.പ്രവീണിനും മുൻകൂർ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിന് എതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കും. ജിഷ്ണുവിനെ അക്രമിക്കുന്നതിന് നേതൃത്വം വഹിച്ച ഇരുവരെയും കസ്റ്റഡിയിൽ വേണം എന്ന ആവശ്യം സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ ധരിപ്പിക്കും. കേസിലെ പ്രധാന തെളിവുകൾ കണ്ടെത്താൻ ഇവരെ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യം സുപ്രിംകോടതിയെ അറിയിക്കും. കേസിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഹൈക്കോടതിയുടെ പരാമാർശങ്ങൾ നീക്കണമെന്നും സംസ്ഥാന സർക്കാർ കോടതിയിൽ അറിയിക്കും.

പൊലീസ് കണ്ടെത്തലുകളെ തള്ളിയെ ഹൈക്കോടതി നിലപാടിനെ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കേസിലെ എഫ്ഐആർ റദ്ദാക്കണം എന്ന തരത്തിലുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതിയുടേത്. ഈ സാഹചര്യത്തിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയെ സമീപിക്കുന്നത് തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം.

മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ അസ്വാഭാവികമായ നടപടികളാണ് ഹൈക്കോടതി സ്വീകരിച്ചതെന്നാണ് സർക്കാരിന്റെ ഭാഷ്യം. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസിലെ തെളിവുകളും, സാക്ഷിമൊഴികളും പരിശോധിക്കുന്നത് ഇത് ആദ്യമായിട്ടാകുമെന്നും, കേസിന്റെ വിചാരണ കാലയളവിലാണ് ഇത് കോടതി പരിഗണിക്കേണ്ടതെന്നും സർക്കാർ പറയുന്നുണ്ട്. ഈ അസ്വാഭാവികത സുപ്രീംകോടതിയെ അറിയിക്കും എന്നും സർക്കാർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ