/indian-express-malayalam/media/media_files/uploads/2017/01/jishnu-pranoy.jpg)
ന്യൂഡല്‍ഹി: പാമ്പാടി നെഹ്റു കോളേജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ സാധിക്കില്ലെന്ന് സിബിഐ. സുപ്രീം കോടതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസി ഇക്കാര്യം അറിയിച്ചത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി ബെഞ്ച് പ്രതികരിച്ചത്.
"സംസ്ഥാനം കേസ് അന്വേഷിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് നാല് മാസം കഴിഞ്ഞു. അന്വേഷിക്കാൻ സാധിക്കില്ലെന്ന് പറയാനാണോ ഇത്ര നാളും കാത്തിരുന്നത്. ഇത്തരം നിലപാടുകളോട് കോടതിക്ക് യോജിക്കാനാവില്ല. മേലിൽ ഇത്തരം നിലപാടുകൾ ആവർത്തിച്ചാൽ കോടതി ഇടപെടും", സുപ്രീം കോടതി സിബിഐക്ക് മുന്നറിയിപ്പ് നൽകി.
അന്തർ സംസ്ഥാന കേസല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ജിഷ്ണു പ്രണോയി കേസ് അന്വേഷിക്കാൻ സാധിക്കില്ലെന്ന് നിലപാടെടുത്തത്. കേസ് കേരള പൊലീസ് തന്നെ അന്വേഷിച്ചാൽ മതിയെന്നും സിബിഐ കോടതിയിൽ പറഞ്ഞു. ഇതോടെയാണ് സുപ്രീം കോടതി രൂക്ഷമായ പ്രതികരണം നടത്തിയത്. ഇനി അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
കേസിൽ പ്രതിസ്ഥാനത്തുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രണ്ട് ഹർജികളും ഒരുമിച്ച് പരിഗണിച്ചാണ് കോടതി സിബിഐയുടെ നിലപാട് തേടിയത്.
നേരത്തേ സംസ്ഥാന സർക്കാർ അന്വേഷണ വിജ്ഞാപനം കൈമാറിയില്ലെന്നാണ് സിബിഐ നിലപാടെടുത്തത്. എന്നാൽ ജൂൺ 15 ന് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യം സിബിഐ അഭിഭാഷകനെ രേഖാമൂലം അറിയിച്ചതായും അദ്ദേഹം വാദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.