/indian-express-malayalam/media/media_files/uploads/2017/02/cp-u.jpg)
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസില്‍ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ സി പി ഉദയഭാനുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജിഷ്ണു കേസിൽ സിപി ഉദയഭാനുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ച വാർത്ത ജനങ്ങളെ അറിയിച്ചത്. തന്റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ തീരുമാനത്തിന് നന്ദിയറിയിച്ച് ജിഷ്ണുവിന്റെ അമ്മാവൻ മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ കമ്മന്റ് ചെയ്തിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് നിയമനം സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട് .കേസില്‍ സി പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഭരണ പരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ വിഎസ് അച്യുതാനന്ദൻ കഴിഞ്ഞ ദിവസം ജിഷ്ണുവിന്റെ വീട് സന്ദർശിച്ചിരുന്നു.
ജിഷ്ണുവിന്റെ മരണത്തില്‍ മുഖ്യമന്ത്രി വേണ്ടത്ര ഗൗരവം കാണിച്ചില്ല എന്ന വിമര്‍ശനം നേരത്തേ മാതാപിതാക്കളുടെ ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. വീട് സന്ദർശിക്കാൻ കഴിഞ്ഞില്ലെങ്കിലും സംഭവത്തിൽ സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് ഇടപെട്ടതെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം.
തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസിൽ സിപി ഉദയഭാനുവായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ. ചന്ദ്രബോസിനെ ക്രൂരമായി കൊന്നകേസിലെ പ്രതി മുഹമ്മദ് ഇഷാമിന് 36 വർഷത്തെ തടവാണ് വിചാരണ കോടതി വിധിച്ചത്. ജിഷ്ണുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പട്ടവർക്ക് എതിരായ ചാർജ്ജുകൾ നിലനിൽക്കുമോ എന്ന് ഹൈക്കോടതി ഇന്ന് ചോദിച്ചിരുന്നു. കേസ് കോടതിയിൽ എത്തുമ്പോൾ സി.പി ഉദയഭാനു ആണ് വാദിക്കാൻ എത്തുന്നത് എന്നത് ജിഷ്ണുവിന്റെ കുടുംബാങ്ങൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.