scorecardresearch

'മരിച്ചിട്ട് 23 ദിവസമായി, ഫെയ്‌സ്ബുക്കിലൂടെയെങ്കിലും ഒന്നു അനുശോചിച്ചോ?', മുഖ്യമന്ത്രിക്ക് ജിഷ്‌ണുവിന്റെ അമ്മയുടെ തുറന്ന കത്ത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jishnu pranoy hunger strik, jishnu pranoy mother mahija, jishnu case hunger strike, hunger strike announced, ജിഷ്ണുവിന്റെ അമ്മ നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ സഹോദരി നിരാഹാര സമരത്തിൽ, ജിഷ്ണുവിന്റെ നാട്ടുകാരും ബന്ധുക്കളും നിരാഹാര സമരത്തിൽ

കോഴിക്കോട്: പാമ്പാടി നെഹ്‌റു കോളജിലെ വിദ്യാർഥി ജിഷ്‌ണു പ്രണോയിയുടെ മരണത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ലെന്ന ആരോപണവുമായി ജിഷ്‌ണുവിന്റെ അമ്മ മഹിജ. പിണറായിക്കെഴുതിയ തുറന്ന കത്തിലാണ് മഹിജ രൂക്ഷ വിമശനം ഉന്നയിച്ചത്. മൂന്നു തവണ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകി. പക്ഷേ ഒരിക്കൽ പോലും മറുപടി ലഭിച്ചില്ലെന്നും അതുകൊണ്ടാണ് ഒരു തുറന്ന കത്തെഴുതേണ്ടി വന്നതെന്നും മഹിജ കത്തിൽ പറയുന്നു.

Advertisment

ജിഷ്‌ണുവിന്റെ മരണം നടന്ന് 23 ദിവസമായിട്ടും മുഖ്യമന്ത്രി ഒന്നു ഫോൺ വിളിക്കുക പോലും ചെയ്‌തില്ലെന്നും തന്റെ കുടുംബത്തെ അപമാനിച്ചെന്നും ജിഷ്‌ണുവിന്റെ അമ്മ കത്തിൽ വിമർശിക്കുന്നു. ഫെയ്സ്ബുക്ക് പേജിലൂടെ പോലും ഒരു അനുശോജന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്നറിയുന്നതില്‍ തനിക്ക് സങ്കടമുണ്ടെന്നും ജിഷ്‌ണുവിന്റെ അമ്മ കത്തിൽ പറഞ്ഞു. പിണറായിക്ക് പഴയ എസ്എഫ്ഐക്കാരിയുടെ വിപ്ലവാഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് മഹിജ കത്ത് അവസാനിപ്പിക്കുന്നത്.

ജിഷ്‌ണുവിന്‍റെ അമ്മ മഹിജ പിണറായിക്ക് എഴുതിയ കത്തിന്‍റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍കള്‍ക്ക്,

ഞാന്‍ മഹിജ എന്നെ അങ്ങയ്ക്ക് പരിചയമുണ്ടാവില്ല. എന്നാല്‍ എന്റെ മകനെ കുറിച്ച് നിങ്ങള്‍ എവിടെ നിന്നെങ്കിലും കേട്ട് കാണും. എന്റെ മകനും തൃശ്ശൂര്‍ പാമ്പാടി നെഹ്റു കോളേജിലെ ബി ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ ജിഷ്ണു പ്രണോയി (18)ന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ അങ്ങയ്ക്ക് മൂന്ന് കത്തുകളയച്ചു. ഒന്നിനുപോലും മറുപടി ലഭിക്കാത്തതിനാലാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്.

വിദ്യാഭ്യാസ മന്ത്രി , ആരോഗ്യ മന്ത്രി എന്നിവര്‍ ഉള്‍പ്പെടെ ഏഴ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവരും ഉള്‍പ്പെടെ 18 എം എല്‍ എ മാരും വിദ്യാര്‍ഥി -യുവജന സംഘടന നേതാക്കളും ഞങ്ങളുടെ വീട്ടിലെത്തി. എന്റെയും കുടുംബത്തിന്റെയും കണ്ണീരും പരാതികളും ഇവരെല്ലാം കണ്ടും കേട്ടും മടങ്ങി. എന്നാല്‍ വി എം സുധീരനെ പോലുളള ചുരുക്കം ചിലര്‍ മാത്രമാണ് ഞങ്ങളുടെ കാര്യങ്ങള്‍ വീണ്ടും അന്വേഷിച്ച് സഹായിച്ചിട്ടുളളത്.

Advertisment

അങ്ങയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളും തിരക്കുകളും അറിയാത്തത് കൊണ്ടല്ല ഇവിടെ അടുത്ത് കണ്ണൂരിലും, കോഴിക്കോടും അങ്ങ് വന്നപ്പോള്‍ ഞങ്ങളുടെ സങ്കടം കേള്‍ക്കാനും നീതി ലഭ്യമാക്കാനും ഒരിക്കലെങ്കിലും ചാവുകിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാത്ത എന്നെ തേടി വരുമെന്ന് ആഗ്രഹിച്ച് പോയി. സഖാവ് കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച വേദിയിലേക്ക് ബോംബേറ് ഉണ്ടായപ്പോള്‍ നിമിഷങ്ങള്‍ വൈകാതെ അങ്ങയുടെ പ്രതിഷേധം ഫെയ്സ് ബുക്ക് പേജില്‍ കുറിച്ചതായി എന്റെ മകന്റെ സുഹൃത്തുക്കള്‍ പറഞ്ഞ് കേട്ടു. ഇന്ന് എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി. ഒന്ന് എന്നെ ഫോണില്‍ വിളിക്കുകയോ അങ്ങയുടെ ഫെയ്സ് ബുക്ക് പേജില്‍ പോലും ഒരു അനുശോജന കുറിപ്പ് രേഖപ്പെടുത്തിയില്ല എന്ന് അറിയുന്നതില്‍ എനിക്ക് സങ്കടമുണ്ട്.

അങ്ങ് ജിഷ്ണു പ്രണോയിയുടെ ഫെയ്സ് ബുക്ക് പേജ് ഒന്ന് കാണണം. അവന്റെ ഇഷ്ടപ്പെട്ട നേതാവ് ചെഗുവേരക്കൊപ്പം പിണറായി വിജയനായിരുന്നു. അവസാനമായി അവന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇടതുമുന്നണിയുടെ മനുഷ്യചങ്ങലയില്‍ കണ്ണിചേര്‍ന്ന് അനിയത്തിയുടെ കൈയ്യില്‍ ചെങ്കൊടി പിടിപ്പിച്ച ഫോട്ടോ ആയിരുന്നു. കേരള സാങ്കേതിക സര്‍വകലാശാല പരീക്ഷ മറ്റി വെച്ചതിനെതിരെയുളള അനീതിക്കെതിരെ എസ് എഫ് ഐ നേതൃത്വത്തില്‍ നടന്ന സമരത്തെ പിന്തുണച്ച് സോഷ്യല്‍ മീഡിയ വഴി വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പ്രതിഷേധിച്ചതിലുളള വിദ്വേഷമാണ് ജിഷ്ണുവിനെ വകവരുത്താന്‍ മാനേജ്മെന്റ് നടത്തിയ ഗൂഡാലോചനയാണിതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞാനും കുടുംബത്തിലെ എല്ലാവരും അങ്ങ് മുഖ്യമന്തിയായി കാണുന്നതിന് ഏറെ കൊതിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയില്‍ അവന്‍ ഞങ്ങളേയും അയല്‍വാസികളേയും വിഷുക്കണി ഒരുക്കി കാണിച്ചത് അങ്ങയുടേയും ,ഇ കെ വിജയന്‍ എം എല്‍ എയുടെയും ഫോട്ടോ ആയിരുന്നു.

കഴിഞ്ഞ ജനുവരി ആറിന് പുലര്‍ച്ചെ എല്ലാം പഠിച്ച് തീര്‍ത്തതിന് ശേഷം ഹോസ്റ്റല്‍ മുറിയില്‍ നിന്ന് അവന്‍ എന്നെ വിളിച്ചിരുന്നു സന്തോഷത്തോടെ എല്ലാം പഠിച്ച് തീര്‍ത്തെന്ന് പറഞ്ഞ് വൈകീട്ട് അവന്‍ ഹോസ്റ്റലിലെ ശുചി മുറിയില്‍ കെട്ടി തൂങ്ങി മരിച്ചെന്ന വാര്‍ത്തയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ വിളച്ചറിയിച്ചത്.തുണ്ട് കടലാസ് ഉപയോഗിച്ച് കോപ്പിയടിച്ചെന്നും അതിന്റെ മനോവിഷമത്തില്‍ കെട്ടി തൂങ്ങി മരിച്ചെന്നായിരുന്നു കോളേജ് ഉടമ കെ പി കൃഷ്ണദാസും മറ്റും പ്രചരിപ്പിച്ച കഥ.എന്നാല്‍ കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി അന്വേഷണ കമ്മീഷനും അങ്ങയുടെ പോലീസിലെ എ ഡി ജി പി സുധേഷ് കുമാറും എന്റെ മകന്‍ കോപ്പി അടിച്ചിട്ടില്ലെന്നും മാനേജ്മെന്റ് കളളം പറയുകയാണെന്നും കണ്ടെത്തി മാധ്യമങ്ങളിലൂടെ അറിയിച്ചു.

അവന്‍ മരിച്ച് കിടന്ന ശുചി മുറിയില്‍ ചേരപ്പാടുകള്‍ ഉണ്ടായിരുന്നു.അങ്ങ് ഇപ്പോള്‍ നിശ്ചയിച്ച അന്വേഷണ ഉദ്യോഗസ്ഥ കിരണ്‍ നാരായണന്‍ എത്തും മുമ്പ് ഈ ചോരപ്പാടുകള്‍ കഴുകി മാറ്റിയത് ആരാണ് എന്തിന് ദുരൂഹ മരണമാണെന്ന് ഞങ്ങള്‍ 7.1.17 ന് പുലര്‍ച്ചെ തന്നെ പഴയന്നൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് മരണം നടന്ന മുറി പോലീസ് സീല്‍ ചെയ്യാതെ തെളിവ് നശിപ്പിച്ചതെന്തിന്.ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്ന് വാങ്ങിയ പൂട്ട് ഉപയോഗിച്ച് ഈ മുറിപൂട്ടുന്നത് ജിഷ്ണുവിന്റെ സഹപാഠികള്‍ എതിര്‍ത്തിരുന്നു.അവര്‍ പറയുന്നത് തോര്‍ത്ത് മുണ്ടില്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ്.എന്നാല്‍ ഈ തോര്‍ത്ത് മുണ്ട് പോസ്റ്റ് മോര്‍ട്ട സമയത്ത് ഫോറന്‍സിക് ഡോക്ടര്‍മാരെ ഏല്‍പ്പിക്കാതെ തെളിവ് നശിപ്പിച്ചത് എന്തിന്.

കോപ്പി അടിച്ചെന്ന് പറഞ്ഞ് ജിഷ്ണുവിനെ പിടിച്ച് കൊണ്ട് പോവുകയും 68 ഉത്തരങ്ങള്‍ എഴുതിയ ഉത്തര കടലാസ് വെട്ടി നശിപ്പിച്ചും മൂന്ന് വര്‍ഷം ഡിബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും മാനസികമായി തളര്‍ത്തിയ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലു, അധ്യാപകന്‍ പി പി പ്രവീണ്‍ ,കായിക അധ്യാപകന്‍ ഗോവിന്ദന്‍ കുട്ടി,പി ആര്‍ ഒ സഞ്ജിത്ത് വിശ്വനാഥന്‍ എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ അവന്റെ മൃതദേഹം ഞങ്ങള്‍ കാണുമ്പോള്‍ മൂക്കിന്റെ വലത് വശത്ത് മേല്‍ ചുണ്ടിലും കീഴ് ചുണ്ടിലും മുറിവുകളും കൈയ്യുടേയും,കാലുകളിലെ മസിലുകളിലും അരയുടെ ഭാഗത്തും കാലിനടിയിലും മര്‍ദ്ദനമേറ്റ് രക്തം കല്ലിച്ചതിന്റെ പാടുകളുണ്ട്.

ഈ സാഹചര്യത്തില്‍ മൃതദേഹം ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്നാണ് 60 കിലോമീറ്ററോളം അകലേയുളള തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയത്.ഇതിന് മുമ്പ് എന്റെ ബന്ധുക്കള്‍ മുന്‍ നിയമ സഭ സ്പീക്കറും നമ്മുടെ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണനെ ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധരുടെ സാന്നിധ്യം ഉറപ്പ് വരുത്താന്‍ ശ്രമിച്ചിരുന്നു.

പോസ്റ്റ് മോര്‍ട്ടം തുടങ്ങും മുമ്പ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭാവം തോന്നി എന്റെ സഹോദരന്‍ പരാതിപ്പെട്ടിരുന്നു.എന്നാല്‍ അവരെയെല്ലാം തെറ്റിധരിപ്പിച്ച് ഒരു പി ജി വിദ്യാര്‍ഥിയാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്.ഈ വിദ്യാര്‍ഥി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പോലീസിന് നല്‍കിയ മൊഴിയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വൈരുധ്യങ്ങള്‍ ഏറെയുണ്ട്.മൂക്കിലെ മുറിവും,ചുണ്ടുകളിലെ മുറിവും മരണത്തിന് മുമ്പ് ഉണ്ടായതെന്നാണ് 16117ന് പുറത്ത് വന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് എന്നാല്‍ 7117 ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞത് മൃതദേഹം എവിടെയോ തട്ടി ഉണ്ടായ മുറിവുകള്‍ എന്നാണ്.മുഖത്തിന്റെ വീഡിയോ മാധ്യമങ്ങള്‍ പുറത്ത് വിട്ട സാഹചര്യത്തിലാണ് ഈ മുറിവുകള്‍ ഉണ്ടെന്ന കാര്യ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സമ്മതിച്ചത്.ശരീരത്തിലെ മറ്റ് മുറിവുകള്‍ പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉണ്ടെങ്കിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല.

ഗുരുത്വാകര്‍ഷണം കൊണ്ട് മൃതദേഹത്തില്‍ രക്തം ഇറങ്ങിയപാടാണ് ഇതെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത വിദ്യാര്‍ഥിയുടെ വാദം ഇത് വിദഗ്ധ ഫോറന്‍സിക് ഡോക്ടര്‍മാര്‍ തന്നെ തളളിക്കളയുന്നുണ്ട്.അങ്ങനെ പോസ്റ്റ് മോര്‍ട്ടം സൈറ്റന്‍ കാണാന്‍ അവിടെ കയറി പരിശോധിക്കുകയും വിദഗ്ധരുടെ അഭിപ്രായം തേടുകയും ചെയ്യുന്ന നടപടി ഇവിടെ ഉണ്ടായിട്ടില്ല.അവന്റെ കണ്ണുകളില്‍ രക്തപാടുകളും ,കോര്‍ണിയ വരണ്ട നിലയിലുമായിരുന്നു.ഇത് സ്ഥാപിക്കാന്‍ കണ്ണുകള്‍ പാതി തുറന്ന നിലയിലാണെന്ന കള്ളമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുളളത്.7117ന് ഉച്ച്ക്ക് 12നും 1.15നും ഇടയിലാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. എന്നാല്‍ അന്ന് രാവിലെ 9നും 10നും ഇടയില്‍ നടന്ന പോലീസ് ഇന്‍ക്വസ്റ്റ് സമയത്ത് പോലീസ് എടുത്ത ഫോട്ടോയില്‍ കണ്ണുകള്‍ പൂര്‍ണമായി അടഞ്ഞ നിലയിലായിരുന്നു.

മൃതദേഹം കണ്ണ് തുറക്കുമോ ? സാമ്പത്തികപരമായും രാഷ്ട്രീയ പരമായും വലിയ സ്വാധീനമുളള നെഹ്റു കോളേജ് ഉടമകള്‍ നടത്തിയ എന്റെ മകന്റെ കൊലപാതകത്തില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് ഞാന്‍ മൊഴിയില്‍ പറഞ്ഞിട്ടുളളത്.വസ്ത്രം ഉണങ്ങാനിടുന്ന കൊളുത്തില്‍ തൂങ്ങി മരിച്ചതാണെന്ന അവരുടെ വാദം ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല.കുറ്റക്കാരെന്ന് കണ്ട കോളേജ് പി ആര്‍ ഒയും മുന്‍ വനം മന്ത്രി വിശ്വനാഥന്റെ മകനുമായ സഞ്ജിത്ത് വിശ്വനാഥന്‍, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേലു,അധ്യാപകന്‍ പി പി പ്രവീണ്‍ എന്നിവരെ കോളേജ് ഉടമകള്‍ സസ്പെന്റ് ചെയ്തിട്ടുണ്ട്.ഇവര്‍ക്കെതിരെ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ അങ്ങയുടെ പോലീസ് തയ്യാറാവാത്തത് ഞങ്ങള്‍ക്ക് അതിയായ പ്രതിഷേധമുണ്ട്.പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ അട്ടിമറിച്ച പോലീസുകാര്‍ക്കെതിരേയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദഗ്ധര്‍ ഉണ്ടായിട്ടും പോസ്റ്റ് മോര്‍ട്ടം വിദ്യാര്‍ഥിയെ കൊണ്ട് നടത്തിച്ച് കേസ്സ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉണ്ടാവാത്തതില്‍ വേദനയുണ്ട്.

ഞങ്ങളുടെ മകന്റെ മരണം മാത്രമല്ല മരണം കാത്ത് നില്‍ക്കുന്ന നിരവധി കുട്ടികളും അവരുടെ രക്ഷിതാക്കളും കോളേജിന്റെ കൊടും പീഢനത്തിന്റെ അനുഭവങ്ങള്‍ കൈരളി ,ഏഷ്യാനെറ്റ് ഉള്‍പ്പെടെയുളള ചാനലുകളിലൂടെ വിളിച്ച് പറഞ്ഞിട്ട് അങ്ങ് അറിഞ്ഞില്ല എന്നതില്‍ എനിക്ക് അദ്ഭുതമുണ്ട്.നെഹ്റു കോളേജിനെതിരെയും അതിന്റെ ഉടമകളെ തുടര്‍ന്ന് കാണിക്കാനും അങ്ങ് ഒരക്ഷരം ഉരിയാടാകത്തതില്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ട്.സമൂഹത്തിന്റെ നെറികേടുകള്‍ക്കെതിരെ പ്രതികരിച്ച് ആര്‍ജവം കാണിച്ച ഒരു മുഖ്യമന്ത്രിയെ ലഭിച്ചതില്‍ അഭിമാനിക്കുന്ന ഞങ്ങളെ ഇനിയെങ്കിലും നിരാശപ്പെടുത്തരുത്.ഞങ്ങളുടെ കുഞ്ഞിനും കേരളത്തിലെ വരും തലമുറക്കും വേണ്ടി അങ്ങ് ശബ്ദിക്കുമെന്നും ഞങ്ങളുടെ കണ്ണീരൊപ്പാന്‍ എത്തുമെന്നും പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.

വിപ്ലവാഭിവാദ്യങ്ങളോടെ പഴയ എസ്എഫ്‌ഐക്കാരി മഹിജ

Letter Pinarayi Vijayan Kerala Cm Jishnu Pranoy Facebook

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: