ജിഷ്ണുവിന്റെ അസ്വാഭാവിക മരണം, രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥനെ അറസ്റ്റ് ചെയ്ത. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിൽ ചോദ്യം ചെയ്യുന്നു. മുൻകൂർ ജാമ്യം ഉളളതിനാൽ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെ ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവൻ ശ്രീജിത്തും ഉൾപ്പടെയുളളവരും പൊലീസിന്റെ അതിക്രമത്തിന് ഇരയായി. ഡി ജി പി ഓഫിസിന് മുന്നിൽ സമരം ചെയ്യാൻ എത്തിയ ഇവരെ പൊലീസ് തടയുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിനിടെ കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു.. ജിഷ്ണുവിന്റെ നാടായ വളയത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു.
മഹിജയും കുടുംബവും സമരം പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ ദിവസം നെഹ്രു കോളജ് ചെയർമാൻ പി. കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. മുൻകൂർ ജാമ്യമുളളതിനാലാണ് വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇത് സമരം അട്ടിമറിക്കാനുളള ശ്രമമാണെന്ന് ആരോപണം ഉയർന്നിരുന്നു.

ജിഷ്ണുവിന്റെ മരണം കഴിഞ്ഞ് എൺപത് ദിവസം പിന്നിടുമ്പോഴും നിയമനടപടികൾ നിർജീവമാണെന്ന് കുടുംബവും നാട്ടുകാരും ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ