ന്യൂഡൽഹി: ജിഷ്ണു കേസിൽ ഹൈക്കോടതി പരാമർശങ്ങൾ സുപ്രീംകോടതി നീക്കി. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന പരാമര്‍ശമാണ് സുപ്രീംകോടതി നീക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനെതിരായ ഹൈക്കോടതി പരാമർശവും നീക്കി.
കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സിബിഐ നിലപാടിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ കേസ് സിബിഐയ്ക്കു വിടില്ലെന്നും സിബിഐ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി ചോദിച്ചു. കേസ് എന്തുകൊണ്ട് സിബിഐയ്ക്കു വിട്ടെന്ന സാഹചര്യം ബോധ്യപ്പെടുത്താൻ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണം നിർദേശിക്കുന്ന ഡിജിപി റിപ്പോർട്ട് ഹാജരാക്കാനും സർക്കാരിന് നിർദേശം നൽകി.
ഷഹീർ ഷൗക്കത്തലി കേസിൽ ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകണമെന്ന നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന്റെ ആവശ്യം കോടതി തളളി. കേസിൽ വിചാരണ തീരുന്നതുവരെ കോയമ്പത്തൂരിൽ തുടരണമെന്നും കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചു. പാമ്പാടി നെഹ്‌റു കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കൊല്ലപ്പെടുന്നതിന് മൂന്നുദിവസം മുമ്പ് ഷഹീര്‍ ഷൗക്കത്തലിയെ പി.കൃഷ്ണദാസ് ക്രൂരമായി മർദിച്ചുവെന്നാണ് കേസ്.