ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസ് ഗൗരവമേറിയതെന്ന് സുപ്രീംകോടതി. ഹൈക്കോടതി നിരീക്ഷണങ്ങളോട് യോജിക്കുന്നില്ല. ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടി ശരിയായ രീതിയിലായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കെ.കൃഷ്ണദാസിന്റെയും കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ.ശക്തിവേലിന്റെയും ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി ഇരുവർക്കും നോട്ടീസ് അയച്ചു.

ജിഷ്ണു പ്രണോയിയുടെ കേസില്‍ ശക്തിവേലിനു നൽകിയ ജാമ്യവും ലക്കിടി കോളജ് വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയുടെ കേസില്‍ കൃഷ്ണദാസിന് നല്‍കിയ ജാമ്യവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജിഷ്ണു കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പി.കെ.കൃഷ്ണദാസ് തന്നെ മര്‍ദിച്ചെന്നാണ് ലക്കിടിയിലെ നെഹ്‌റു അക്കാദമിക് ലോ കോളജിലെ രണ്ടാം വര്‍ഷ വിദ്യാർഥിയായ ഷഹീര്‍ ഷൗക്കത്തലിയുടെ പരാതി. ഈ പരാതില്‍ പൊലീസ് കൃഷ്ണദാസടക്കം നാല് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ ഹൈക്കോടതി ഈ കേസിൽ കൃഷ്ണദാസിന് ജാമ്യം നൽകി. ജിഷ്ണു പ്രണോയിയുടെ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ